ലാത്തിച്ചാർജിൽ എംഎൽഎക്ക് മർദ്ദനം; പോലിസിനെ കടന്നാക്രമിക്കാതെ കാനം

കാനം രാജേന്ദ്രനെതിരെ വിമർശനവും പരിഹാസവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല രംഗത്തുവന്നു. കേരളം ഇപ്പോൾ ഭരിക്കുന്നത് കൂട്ടുകക്ഷി മന്ത്രിസഭയല്ല, കൂട്ടുവെട്ടിയ മന്ത്രിസഭയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Update: 2019-07-25 08:05 GMT

തിരുവനന്തപുരം: സിപിഐ എംഎൽഎക്ക് ലാത്തിയാർജിൽ മർദ്ദനമേറ്റ സംഭവത്തിൽ പോലിസിനെ കടന്നാക്രമിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽദോ എബ്രഹാം മർദ്ദനമേറ്റ സംഭവത്തിൽ കലക്ടറുടെ അന്വേഷണം കഴിയാതെ കൂടുതലൊന്നും പറയാനില്ലെന്ന്  കാനം പ്രതികരിച്ചു.

സംഭവത്തിൽ സിപിഐയുടെ പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിച്ച്‌ രണ്ട് മണിക്കൂറിനകം സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ പിന്നെ എന്താണ് വേണ്ടതെന്നും കാനം രാജേന്ദ്രൻ ചോദിച്ചു.

എന്നാൽ ഇക്കാര്യത്തിൽ താൻ മൗനം പാലിച്ചെന്നും പോലിസിന്റെ നടപടിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചില്ലെന്നുമുള്ള ആരോപണം കാനം തള്ളി. നിലപാടുകളിൽ എപ്പോഴും താൻ ഉറച്ച് നിൽക്കുന്നുണ്ടെന്ന് പറഞ്ഞ കാനം കലക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും പറഞ്ഞു.

അതിനിടെ, കാനം രാജേന്ദ്രനെതിരെ വിമർശനവും പരിഹാസവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല രംഗത്തുവന്നു. കേരളം ഇപ്പോൾ ഭരിക്കുന്നത് കൂട്ടുകക്ഷി മന്ത്രിസഭയല്ല, കൂട്ടുവെട്ടിയ മന്ത്രിസഭയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നാല് മന്ത്രിസ്ഥാനത്തിനു വേണ്ടി ഇങ്ങനെ ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലായോ പികെവിയും വെളിയം ഭാർഗവനുമെല്ലാം നയിച്ച കമ്യൂണിസ്റ്റ് പാർട്ടി?. സ്വന്തം മകന്റെ സുരക്ഷയോർത്താണ് കാനം പിണറായിക്ക് സ്വയം അടിമവച്ചിരിക്കുന്നതെന്നാണ് അണിയറ സംസാരം. കാനത്തിന് ഉളുപ്പുണ്ടോയെന്ന് ചോദിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്

എന്നാൽ, പോലിസിന്റെ മർദനമേറ്റ എൽദോ ഏബ്രഹാം എംഎൽഎ പോലിസിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത്. ഒരു എംഎൽഎയ്ക്കും ഇങ്ങനെ വരാൻ പാടില്ല. അത് ഭരണപക്ഷമായിക്കൊള്ളട്ടെ പ്രതിപക്ഷമായിക്കൊള്ളട്ടെ. തന്റെ ഗതികേട് വരരുതെന്ന് എൽദോ പറഞ്ഞു. വളരെ അത്ഭുതകരമായാണ് തോന്നുന്നത്. ഇങ്ങനെ മോശം പോലിസുണ്ടോ. കൊച്ചിയിലെ അനുഭവം മാത്രമല്ല. മൂവാറ്റുപുഴയിൽ എന്റെ മണ്ഡലത്തിൽ മാത്രം 11 തവണ സിപിഐക്ക് പോലിസുമായി യുദ്ധം ചെയ്യേണ്ട സാഹചര്യമുണ്ടായി. എംഎൽഎയാണെന്ന് പറഞ്ഞ് വിളിച്ചാൽ എംഎൽഎയാണെങ്കിൽ കൈയിൽ വച്ചാ മതിയെന്ന് പറയുന്ന എസ്ഐയും പോലിസുമൊക്കെയുണ്ട്. ജനപ്രതിനിധികൾ വിളിക്കുമ്പോൾ നല്ല ഭാഷയിൽ സംസാരിക്കാൻ പോലും പോലിസിന് കഴിയുന്നില്ല. അവർ തീരുമാനിച്ചിറങ്ങിയാൽ മറ്റെല്ലാ മേഖലയും മോശമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News