കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ്; പഠനത്തിന് സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി

Update: 2021-11-18 18:02 GMT

കോഴിക്കോട്: വലിയ വിമാനങ്ങള്‍ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തി അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സാങ്കേതിക സമിതിയെ നിയോഗിച്ചതായി കേന്ദ്ര കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംരംഭിക്കും. ഇത് വൈകുകയാണെങ്കില്‍ 3,500 മീറ്റര്‍ റണ്‍വേ ഉള്‍പ്പെടെ സൗകര്യങ്ങളുള്ള കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുന്നതിനുള്ള നടപടി അതിവേഗം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


 കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ ഡല്‍ഹിയില്‍ മന്ത്രി വി അബ്ദുര്‍റഹ്മാന്‍ കേന്ദ്ര വ്യോമയാന മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഈ ഉറപ്പ് ലഭിച്ചത്. കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങള്‍ മന്ത്രി വി അബ്ദുര്‍റഹ്മാന്‍ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്തെ 80 ശതമാനം ഹജ്ജ് തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നിശ്ചയിക്കണമെന്ന് കൂടിക്കാഴ്ചയില്‍ മന്ത്രി ആവശ്യപ്പെട്ടു.

2020 ആഗസ്തില്‍ നടന്ന വിമാനാപകടത്തിനുശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് വിമാനത്താവളത്തിന്റെ വരുമാനത്തെ വലിയതോതില്‍ ബാധിച്ചു. ഈ വര്‍ഷം കോഴിക്കോട് പരിഗണിക്കുക പ്രയാസമാണെങ്കില്‍ കണ്ണൂര്‍ വിമാനത്താവളത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പരിഗണിക്കണം. കണ്ണൂരില്‍നിന്നുള്ള ഹജ്ജ് സര്‍വീസിന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വലിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തില്‍ 2020 ആഗസ്തില്‍ നടന്ന അപകടത്തിനുശേഷം വലിയ വിമാനങ്ങള്‍ വിലക്കിയ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവള വികസനം നടപ്പാക്കാനുള്ള നിര്‍ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹത്തിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുമായും മന്ത്രി വി അബ്ദുര്‍റഹ്മാന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

കോഴിക്കോട് വിമാനത്താവളത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹജ്ജ് ഹൗസ് പ്രവര്‍ത്തിക്കുന്നത് കോഴിക്കോട്ടാണ്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് കോഴിക്കോട്ടുള്ളത്. അതിനാല്‍, കോഴിക്കോടിനെ സ്ഥിരം എംബാര്‍ക്കേഷന്‍ പോയിന്റായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നഖ്‌വിക്ക് മന്ത്രി കത്ത് നല്‍കി.

Tags: