കേരളത്തിന്റെ ലാപ്ടോപ് വിപണിയിലേക്ക്; ലോഗോ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കൊക്കോണിക്സിന്റെ ആദ്യനിര ലാപ്ടോപ്പുകള്‍ 11നു ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിങ് സമ്മിറ്റില്‍ അവതരിപ്പിക്കും. കെല്‍ട്രോണ്‍, യുഎസ്ടി ഗ്ലോബലുമായി കൈകോര്‍ത്താണ് കേരളത്തില്‍ തന്നെ ഗുണമേന്‍മയുള്ള ലാപ്ടോപ്പുകളും സര്‍വറുകളും ഉല്‍പാദിപ്പിക്കുന്ന സംരംഭത്തിനു തുടക്കം കുറിക്കുന്നത്.

Update: 2019-02-06 14:41 GMT

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സര്‍വര്‍ പദ്ധതി കൊക്കോണിക്സിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ കൊക്കോണിക്സ് നിര്‍മിക്കുന്ന ലാപ്ടോപ്പ് മുഖ്യമന്ത്രിക്കു കൈമാറി. കൊക്കോണിക്സിന്റെ ആദ്യനിര ലാപ്ടോപ്പുകള്‍ 11നു ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിങ് സമ്മിറ്റില്‍ അവതരിപ്പിക്കും. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക് ഉല്‍പാദന രംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലുമായി കൈകോര്‍ത്താണ് കേരളത്തില്‍ തന്നെ ഗുണമേന്‍മയുള്ള ലാപ്ടോപ്പുകളും സര്‍വറുകളും ഉല്‍പാദിപ്പിക്കുന്ന സംരംഭത്തിനു തുടക്കം കുറിക്കുന്നത്.

ഇലക്ട്രോണിക്സ് ഉപകരണ ഉല്‍പാദന രംഗത്ത് പ്രമുഖരായ ഇന്റല്‍ കമ്പനിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും സാങ്കേതിക സഹായവും ലഭ്യമാക്കിയാണ് കൊക്കോണിക്സ് എന്ന പൊതു-സ്വകാര്യ സംരംഭത്തിന് രൂപം നല്‍കിയത്. ലാപ്ടോപ്പ് സര്‍വര്‍ ഉല്‍പാദന രംഗത്ത് ഇന്ത്യയിലെ തന്നെ ആദ്യ പൊതു-സ്വകാര്യ സംരംഭമാണ് കൊക്കോണിക്സ്. കെല്‍ട്രോണ്‍, കെഎസ്ഐഡിസി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളോടൊപ്പം യുഎസ്ടി ഗ്ലോബല്‍, ആക്സിലറോണ്‍ (ഇന്റല്‍ ഇന്ത്യാ മേക്കര്‍ ലാബ് ആക്സിലറേറ്റഡ് സ്റ്റാര്‍ട്ട് അപ്) എന്നിവര്‍ കൂടി പങ്കാളികളായുള്ള ഉപകരണോല്‍പാദന സംവിധാനമാണ് കൊക്കോണിക്സിനുള്ളത്.

കെല്‍ട്രോണിന്റെ, തിരുവനന്തപുരത്തു മണ്‍വിളയിലുള്ള സ്ഥാപന സൗകര്യങ്ങള്‍ നവീകരിച്ചു ലഭ്യമാക്കിയ സ്ഥലത്താണ് കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപകരണ ഘടകങ്ങളുടെയും ഉല്‍പാദനത്തിനാണ് കൊക്കോണിക്സ് പ്രാഥമിക പരിഗണന നല്‍കുന്നത്. പ്രതിവര്‍ഷം രണ്ടരലക്ഷം ലാപ്ടോപ്പുകളുടെ ഉല്‍പാദനത്തിനുള്ള ശേഷിയുമായാണ് കൊക്കോണിക്സ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. പ്രവര്‍ത്തന ചടുലതയാര്‍ന്ന ഒരു ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഉല്‍പാദന ഇക്കോസിസ്റ്റം കേരളത്തില്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യമാണ് കൊക്കോണിക്സ് മുന്നോട്ടു വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


Tags:    

Similar News