എഎൻ ഷംസീറിന്റെ ഭാര്യക്ക് വഴിവിട്ട് നിയമനം; വിസിയുടെ വീട് ഉപരോധിച്ച് കെഎസ്‌യു പ്രതിഷേധം.

വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ വീട് ഉപരോധിച്ചത്. പ്രതിഷേധത്തിനിടയിൽ വീട്ടിലേക്ക് ഇരച്ചുകയറിയ പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

Update: 2021-04-16 09:52 GMT

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ യുജിസി എച്ച്ആർഡി സെന്ററിൽ അസിസ്റ്റന്റ് ഡയരക്ടറായി എ.എൻ ഷംസീർ എം.എൽ.എ യുടെ ഭാര്യക്ക് ബന്ധു നിയമനം നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈസ് ചാൻസിലറുടെ വീട് ഉപരോധിച്ചു.

പ്രതിഷേധ സമരം കെഎസ്യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ്‌ ഷമ്മാസ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ ധൃതിപ്പെട്ട് നിയമനം നടത്താനുള്ള നീക്കം ദുരൂഹമാണെന്നും ബന്ധു നിയമനത്തിന് വേണ്ടി സർവ്വകലാശാല ചട്ടങ്ങൾ കാറ്റിൽ പറത്തുകയാണെന്നും വഴിവിട്ട നിയമനത്തിന് വൈസ് ചാൻസിലർ കൂട്ട് നിൽകുകയാണെന്നും പി മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.

ഇന്റർവ്യൂ നടത്താൻ സർവകലാശാലയിൽ എത്താതെ വീട്ടിലിരുന്ന് ഇന്റർവ്യൂ നടത്താനുള്ള വൈസ് ചാൻസിലറുടെ നടപടി ഒളിച്ചുകളിയാണെന്നും ആരോപിച്ച കെഎസ്‌യു രാവിലെ പതിനൊന്നു മണിയോടെയാണ് വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ വീട് ഉപരോധിച്ചത്. പ്രതിഷേധത്തിനിടയിൽ വീട്ടിലേക്ക് ഇരച്ചുകയറിയ പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

ജില്ലാ നേതാക്കളായ അഭിജിത്ത് സി ടി, ഫർഹാൻ മുണ്ടേരി, അൻസിൽ വാഴപ്പള്ളിൽ, ആദർശ് മാങ്ങാട്ടിടം, ആകാശ് ഭാസ്ക്കർ, ഹരികൃഷ്ണൻ പാളാട്, ഉജ്വൽ പവിത്രൻ, സായന്ത്‌ ടി, അതുൽ എംസി, അക്ഷയ് കോവിലകം, സുഫൈൽ സുബൈർ, ചാൾസ് സണ്ണി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Similar News