മഴയില്‍ വൈദ്യുതി പോയാല്‍ 1912ൽ വിളിക്കാം
ലൈനുകളില്‍ വീഴാനിടയുള്ള മരം മുറിച്ചുമാറ്റുന്നതിന് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് പാലിക്കാന്‍ തയ്യാറാവാതെ അപകടം വരുത്തിവച്ചാല്‍ ഉടമകളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കും. വൈദ്യുതി തൂണുകളില്‍ കെട്ടിയ ഫ്ളക്സ് ബോര്‍ഡുകളും കെട്ടിടങ്ങളില്‍ ലൈനിന് ഭീഷണിയാകുംവിധം സ്ഥാപിച്ച പരസ്യ ബോര്‍ഡുകളും നീക്കാന്‍ ജില്ലാ ദുരന്തനിവാരണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: കാലവര്‍ഷം എത്തിയാല്‍ വൈദ്യുതിബന്ധം താറുമാറാകുന്ന സ്ഥിരം കാഴ്ച ഇത്തവണയില്ല. ഇത്തവണ കെഎസ്ഇബി അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു.
കാലവര്‍ഷം ആരംഭിക്കുന്നതോടെ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാനും അപകടം ഒഴിവാക്കാനുമാണ് കെഎസ്ഇബിയുടെ മുന്നൊരുക്കം. വൈദ്യുതി ലൈനില്‍ തട്ടാന്‍ സാദ്ധ്യതയുള്ള മരച്ചില്ലകളും മറ്റും നീക്കുന്ന പ്രവൃത്തി ഇതിനകം പൂര്‍ത്തിയായി. ട്രാന്‍സ്ഫോമറുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്ന പണി തുടരുകയാണ്.
ലൈനുകളില്‍ വീഴാനിടയുള്ള മരം മുറിച്ചുമാറ്റുന്നതിന് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് പാലിക്കാന്‍ തയ്യാറാവാതെ അപകടം വരുത്തിവച്ചാല്‍ ഉടമകളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കും. വൈദ്യുതി തൂണുകളില്‍ കെട്ടിയ ഫ്ളക്സ് ബോര്‍ഡുകളും കെട്ടിടങ്ങളില്‍ ലൈനിന് ഭീഷണിയാകുംവിധം സ്ഥാപിച്ച പരസ്യ ബോര്‍ഡുകളും നീക്കാന്‍ ജില്ലാ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
കാറ്റിലും മഴയിലും മരം കടുപുഴകി വീണ് വൈദ്യുതി തൂണുകള്‍ക്ക് കേടുപാട് സംഭവിക്കുകയും കമ്പി പൊട്ടിവീഴുകയും ചെത്താല്‍ ഉടന്‍ സെക്ഷന്‍ ഓഫീസില്‍ വിവരം അറിയിക്കണം. സെക്ഷന്‍ ഓഫീസ് നമ്പറുകളില്‍ തിരക്ക് അനുഭവപ്പെട്ടാല്‍ സംസ്ഥാനത്ത് എവിടെ നിന്ന് വിളിച്ചാലും കിട്ടുന്ന 1912 കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിക്കാം. ഈ നമ്പറില്‍ വിളിച്ചു പറയുന്ന പരാതി ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസിലേക്ക് ഉടന്‍ കൈമാറും. 24 മണിക്കൂറും ഈ നമ്പറില്‍ സേവനം ലഭിക്കും.
വീടിനുള്ളില്‍ സുരക്ഷയ്ക്ക് എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കുന്നത് നല്ലതാണെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. കോണ്‍ക്രീറ്റില്‍ ചോര്‍ച്ചയുണ്ടായാല്‍ വയറിങ്ങിനെ ബാധിക്കുന്നത് ഇതുവഴി ഒഴിവാക്കാം. വൈദ്യുതി എര്‍ത്ത് നടക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം. എന്നാല്‍ മിന്നല്‍ സമയത്ത് എര്‍ത്തില്‍ തൊടാന്‍ പാടില്ല.
സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വൈദ്യുതി അപകടം സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി തടസ്സവും അപകടവുമുണ്ടായാല്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനവും മറ്റും നടത്തുന്നതിനുള്ള ദ്രുതകര്‍മ സേന ഒരുങ്ങുകയാണ്. 20 അംഗങ്ങളാണ് ഓരോ ടീമിലുമുണ്ടാവുക. ഇതില്‍ ആറ് അംഗങ്ങളാണ് സംഭവ സ്ഥലങ്ങളിലെത്തി പ്രവൃത്തി നടത്തുക. അപകടം ഒഴിവാക്കി ഉടന്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയാണ് ടീമിന്റെ ചുമതല. കാര്യക്ഷമമായി ജോലിയെടുക്കാന്‍ പറ്റുന്നവരെയാണ് ടീമിലേക്ക് തിരഞ്ഞെടുക്കുക. ഇവര്‍ക്ക് വേണ്ട ഉപകരണങ്ങളും നല്‍കും.

