കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജനമഹായാത്ര നാളെ ആരംഭിക്കും

നാളെ വൈകീട്ട് 3ന് കാസര്‍കോഡ് ഉപ്പളയില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി പാര്‍ട്ടി പതാക മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി ജനമഹായാത്ര ഉദ്ഘാടനം ചെയ്യും.

Update: 2019-02-02 09:07 GMT

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കാസര്‍കോഡ് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന ജനമഹായാത്ര നാളെ ആരംഭിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണം തുറന്നുകാട്ടുന്നതിനായി നടത്തുന്ന ജാഥ 28ന് സമാപിക്കും. നാളെ വൈകീട്ട് 3ന് കാസര്‍കോഡ് ഉപ്പളയില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി പാര്‍ട്ടി പതാക മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി ജനമഹായാത്ര ഉദ്ഘാടനം ചെയ്യും.

മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി സി ചാക്കോ, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ജാഥാ കോര്‍ഡിനേറ്ററും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബഹനാന്‍, എം എം ഹസ്സന്‍, തമ്പാനൂര്‍ രവി, വി എം സുധീരന്‍ തുടങ്ങിയ നേതാക്കളും ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കും. 4ന് രാവിലെ 10ന് ഉദുമയില്‍ നിന്നും പര്യടനം തുടങ്ങി വൈകീട്ട് 3ന് തൃക്കരിപ്പൂരിലെ സ്വീകരണത്തിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. 5നും 6നും ജനമഹായാത്ര കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വൈകീട്ട് വയനാട് ജില്ലയില്‍ പ്രവേശിക്കും. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ സ്വീകരണത്തോടെ വയനാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും.

7ന് യാത്ര കോഴിക്കോട് പര്യടനം ആരംഭിക്കും. 8ന് കോഴിക്കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി 9ന് മലപ്പുറം ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിക്കും. 10,11 തീയതികളില്‍ മലപ്പുറം ജില്ലയിലെ പത്തോളം വേദികളില്‍ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരത്തോടെ പാലക്കാട് ജില്ലയില്‍ പ്രവേശിക്കും. തൃത്താലയാണ് ആദ്യസ്വീകരണം. പട്ടാമ്പയില്‍ യാത്ര പൂര്‍ത്തിയാക്കിയ ശേഷം 12ന് ഷൊര്‍ണ്ണൂരില്‍ നിന്നും പര്യടനം ആരംഭിക്കും. 13ന് ജനമഹായാത്ര പാലക്കാട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കും. ചേലക്കര, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ് അദ്യസ്വീകരണ വേദികള്‍. 14 നും 15നും തൃശ്ശൂര്‍, 16,18,19 ദിവസങ്ങളില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. 17ന് യാത്രയില്ല.

19ന് വൈകുന്നേരം 3ന് അടിമാലിയില്‍ നിന്നും ഇടുക്കി ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിക്കും. 20നും ഇടുക്കിയില്‍ പര്യടനം നടത്തും. തുടര്‍ന്ന് വൈകിട്ടോടെ കോട്ടയം ജില്ലയില്‍ പ്രവേശിക്കും. മൂന്നിടങ്ങളിലെ സ്വീകരണത്തിന് ശേഷം 21 നും കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ യാത്ര പര്യടനം നടത്തും. 22,23 ദിവസങ്ങളില്‍ ആലപ്പുഴ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി 23ന് വൈകുന്നേരം പത്തനംതിട്ടയില്‍ പ്രവേശിക്കും. 24ന് അവധി. 25ന് വീണ്ടും പത്തനംതിട്ടയില്‍ നിന്നും യാത്ര തുടങ്ങി വൈകുന്നേരത്തോടെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 26ന് കൊല്ലത്ത് പര്യടനം പൂര്‍ത്തിയാക്കി 27 ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. 28ന് തിരുവനന്തപുരത്ത് സമാപിക്കും. 

Tags:    

Similar News