കൊവിഡ് ബാധിതരെ പരിചരിച്ച മെയില്‍ നഴ്സുമാരെ വാടകവീട്ടില്‍നിന്ന് പുറത്താക്കി
വ്യാഴാഴ്ച രാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളജിനു സമീപമുള്ള കസ്തൂര്‍ബ ജങ്ഷനിലുള്ള വാടകവീട്ടില്‍നിന്നുമാണ് നഴ്സുമാരെ വീട്ടുടമ ഇറക്കിവിട്ടത്.
കോട്ടയം: കൊവിഡ്- 19 രോഗബാധിതരെ ശുശ്രൂഷിക്കുന്നതിന്റെ പേരില്‍ മൂന്ന് പുരുഷ നഴ്സുമാരെ വാടകവീട്ടില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. വ്യാഴാഴ്ച രാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളജിനു സമീപമുള്ള കസ്തൂര്‍ബ ജങ്ഷനിലുള്ള വാടകവീട്ടില്‍നിന്നുമാണ് നഴ്സുമാരെ വീട്ടുടമ ഇറക്കിവിട്ടത്. മൂന്ന് നഴ്സുമാര്‍ ഒരുമിച്ചായിരുന്നു ഇവിടെ താമസം.
രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് വീട്ടുടമസ്ഥന് പറഞ്ഞതായി നഴ്സുമാര്‍ ആരോപിക്കുന്നു. സംഭവത്തെതുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ നഴ്സുമാര്‍ക്ക് പേ വാര്‍ഡിനു മുകളിലത്തെ നിലയില്‍ താമസസൗകര്യത്തിനായി ഒരുക്കിനല്‍കിയിട്ടുണ്ട്. വാടകവീട്ടില്‍ നിന്നും നഴ്സുമാരെ ഇറക്കിവിട്ട സംഭവം സര്‍ക്കാരിനെ അറിയിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.