കൂടത്തായി കൊലപാതക പരമ്പര: പ്രതി ജോളി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന് റിപോര്‍ട്ട്

കോഴിക്കോട് ജില്ലാ ജയിലിലാണ് അവര്‍ കഴിയുന്നത്. കഴിഞ്ഞ എട്ടിനാണ് ജയില്‍ മേധാവിക്ക് റിപോര്‍ട്ട് നല്‍കിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതില്‍ കോഴിക്കോട് ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ഐജി പറയുന്നു.

Update: 2020-06-12 08:31 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി റിപോര്‍ട്ട്. മകന്‍ റോമോയെ മൂന്നുതവണ വിളിച്ചെന്നും 20 മിനിറ്റോളം സംഭാഷണം നീണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. റോമോ കേസില്‍ മുഖ്യസാക്ഷിയാണ്. മറ്റു സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. കോഴിക്കോട് ജില്ലാ ജയിലിലാണ് അവര്‍ കഴിയുന്നത്. കഴിഞ്ഞ എട്ടിനാണ് ജയില്‍ മേധാവിക്ക് റിപോര്‍ട്ട് നല്‍കിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതില്‍ കോഴിക്കോട് ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ഐജി പറയുന്നു.

കേസില്‍ മുഖ്യസാക്ഷിയായ മകനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രധാന കണ്ടെത്തല്‍. കോഴിക്കോട് ജില്ലാ ജയിലില്‍വച്ച് ജോളി നിരന്തരം ഫോണ്‍ ഉപയോഗിച്ചുവെന്നാണ് എട്ടിന് നോര്‍ത്ത് സോണ്‍ ഐജി ജയില്‍ ഡിജിപിക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്. മെയ് 20നായിരുന്നു അവസാനത്തെ ഫോണ്‍ വിളി. റോമോയെ ആദ്യം വിളിച്ചപ്പോള്‍ തന്നെ ഇനി വിളിക്കരുതെന്നും പോലിസിനെ അറിയിക്കുമെന്നും ജോളിയോട് പറഞ്ഞിരുന്നു. എന്നാല്‍, അതു വകവയ്ക്കാതെ വീണ്ടും വിളിക്കുകയായിരുന്നു. ഇതൊക്കെ തെളിയിക്കുന്ന ഓഡിയോ പോലിസിന് കൈമാറിയതായി റോമോ പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍തന്നെ കേസ് അന്വേഷണത്തില്‍ സംശയമുണ്ടായിരുന്നതായി കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചി പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥരെ പോലും സ്വാധീനിക്കാന്‍ ജോളിക്ക് സാധിച്ചു. അതിനു തെളിവാണ് കുറ്റപത്രത്തിലെ കാര്യങ്ങളെന്നും അവര്‍ പറഞ്ഞു. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളിയെ പോലിസ് അറസ്റ്റുചെയ്യുന്നത്.

Tags:    

Similar News