കൂടത്തായി കൊലപാതക പരമ്പര: പ്രതികള്‍ റിമാന്‍ഡില്‍

താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. കൂടുതല്‍ ചോദ്യംചെയ്യലുകള്‍ ആവശ്യമായ സാഹചര്യത്തില്‍ അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും.

Update: 2019-10-05 19:13 GMT

വടകര: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. മുഖ്യപ്രതി കൂടത്തായി പൊന്നമറ്റം വീട്ടില്‍ ജോളി എന്ന ജോളിയമ്മ (47), ജോളിയുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരന്‍ കാക്കവയല്‍ മഞ്ചാടിയില്‍ എം എസ് മാത്യു എന്ന ഷാജി (44), മാത്യുവിന്റെ സുഹൃത്തും സ്വര്‍ണപ്പണിക്കാരനുമായ പള്ളിപ്പുറം മുള്ളമ്പലത്തില്‍ പൊയിലിങ്കല്‍ വീട്ടില്‍ പ്രജികുമാര്‍ (48) എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. കൂടുതല്‍ ചോദ്യംചെയ്യലുകള്‍ ആവശ്യമായ സാഹചര്യത്തില്‍ അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും.

ബുധനാഴ്ചയാവും പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുക. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് പോലിസ് നല്‍കുന്ന വിവരം. വടകര റൂറല്‍ എസ്പി ഓഫിസിലെത്തിച്ച് ചോദ്യംചെയ്ത ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദുരൂഹതകള്‍ ഉയര്‍ത്തിയ കൊലപാതക പരമ്പരയിലെ പ്രധാന പ്രതി ജോളിയും സഹായികളായ രണ്ടുപേരും ശനിയാഴ്ചയാണ് പോലിസിന്റെ വലയിലായത്. ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയത് ജ്വല്ലറി ജീവനക്കാരന്‍ മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പ്രധാന പ്രതിക്കൊപ്പം ഇരുവരെയും പോലിസ് അറസ്റ്റുചെയ്തത്. സയനൈഡ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി മൂന്നാംപ്രതി സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാറിനെ കൂടത്തായിയിലേക്ക് കൊണ്ടുപോയിരുന്നു.  

Tags:    

Similar News