കൊടികുത്തി മലയില്‍ പ്രവേശനത്തിന് മഴക്കാലം വരെ കാത്തിരിക്കണം

സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തിലുള്ള കൊടികുത്തി മലയില്‍ ഊട്ടിക്ക് സമാനമായ കാലാവസ്ഥയാണ്. കൊടികുത്തി മലയില്‍ വാച്ച് ടവറും സഞ്ചാരികള്‍ക്ക് വിശ്രമ ഇരിപ്പിടങ്ങളും ഉണ്ട്.

Update: 2020-01-07 07:12 GMT

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പെരിന്തല്‍മണ്ണ കൊടികുത്തിമലയിലേക്ക് ഈ സീസണില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം ലഭിക്കാനുള്ള സാധ്യത മങ്ങുന്നു. വേനല്‍ക്കാലത്ത് കാട്ടുതീ ഭീഷണിയുള്ളതിനാല്‍ പ്രവേശനം അനുവദിക്കുന്നത് ജൂണ്‍ മാസത്തില്‍ മഴ പെയ്തിട്ട് ആലോചിക്കാം എന്നാണ് നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഡിഎഫ്ഒ സജി പറയുന്നത്.

കഴിഞ്ഞഓഗസ്റ്റിലാണ് ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് ഇവിടേക്കുള്ള പ്രവേശനം ജില്ലാ കലക്ടര്‍ നിരോധിച്ചത്. മഴ മാറിയതോടെ വേനല്‍ക്കാലത്ത് നിരോധനം നീക്കുമെന്ന സഞ്ചാരികളുടെ പ്രതീക്ഷയും ഇതോടെ മങ്ങുന്നു. സുരക്ഷയെ മുന്‍നിര്‍ത്തി ടിക്കറ്റ് സംവിധാനത്തിലൂടെ പ്രവേശനം നല്‍കാനാണ് വനം വകുപ്പിന്റെതീരുമാനം. കൂടാതെ കുടിവെള്ളം, ശൗചാലയം, വിശ്രമകേന്ദ്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കണം. എന്നാല്‍ വികസന പദ്ധതികളുടെ എസ്റ്റിമേറ്റ് ടൂറിസം വകുപ്പിന് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഇതിനുള്ള അനുമതി ലഭിച്ചിട്ടില്ല.

അതേസമയം മറ്റ് തടസങ്ങളില്ലെങ്കില്‍ ഈ വേനല്‍ കാലത്തു തന്നെ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാനുള്ള ശ്രമങ്ങളാണ് റവന്യൂ വിഭാഗം നടത്തുന്നത്. മഴക്കാലത്ത് ഉരുള്‍പൊട്ടലും വേനല്‍ക്കാലത്ത് കാട്ടുതീയും പറഞ്ഞ് മലയിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിക്കുകയാണുണ്ടായത്.

അതേ സമയം, കൊടികുത്തിമലയിലെ ഉണങ്ങിയ പുല്‍ക്കാടുകളില്‍ തീ പിടിത്തമുണ്ടാവുന്നത് വലിയ ദുരന്തത്തിന് വഴിവെച്ചേക്കും. കാട്ടുതീ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തിലുള്ള കൊടികുത്തി മലയില്‍ ഊട്ടിക്ക് സമാനമായ കാലാവസ്ഥയാണ്. കൊടികുത്തി മലയില്‍ വാച്ച് ടവറും സഞ്ചാരികള്‍ക്ക് വിശ്രമ ഇരിപ്പിടങ്ങളും ഉണ്ട്. പുലര്‍കാലത്തെ കോടമഞ്ഞും വൈകീട്ട് സൂര്യാസ്ഥമയവും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ശിക്കുന്നു. ദേശീയപാത കോഴിക്കോട് പാലക്കാട് റൂട്ടില്‍ പെരിന്തല്‍മണ്ണ അമ്മിനികാടു നിന്നാണ് കൊടികുത്തി മലയിലേക്കുള്ള റോഡ് തുടങ്ങുന്നത്.

Tags:    

Similar News