കൊച്ചി നഗരത്തില്‍ മോഷണ പരമ്പര നടത്തിയ സംഘം 24 മണിക്കൂറിനുള്ളില്‍ പിടിയില്‍

പശ്ചിമ ബംഗാള്‍ സ്വദേശികളായ സംസുജുവ(28),മുക്താറുള്‍ഹഖ്(28) എന്നിവരെയാണ് കൊച്ചി സിറ്റി പോലിസ് അതിസാഹസികമായി പിടികൂടിയത്.കൊച്ചി നഗരത്തില്‍ കഴിഞ്ഞ രാത്രിയില്‍ സൗത്ത്,നോര്‍ത്ത്, എളമക്കര മേഖലകളിലെ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളാണ് ഇവര്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്

Update: 2021-12-07 15:01 GMT

കൊച്ചി: കൊച്ചി നഗരത്തില്‍ മോഷണ പരമ്പര നടത്തിയ മോഷ്ടാക്കളെ 24 മണിക്കൂറിനുള്ളില്‍ അതി സാഹസികമായി കൊച്ചി സിറ്റി പോലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശികളായ സംസുജുവ(28),മുക്താറുള്‍ഹഖ്(28) എന്നിവരെയാണ് കൊച്ചി സിറ്റി പോലിസ് അതിസാഹസികമായി പിടികൂടിയത്.കൊച്ചി നഗരത്തില്‍ കഴിഞ്ഞ രാത്രിയില്‍ സൗത്ത്,നോര്‍ത്ത്, എളമക്കര മേഖലകളിലെ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളാണ് ഇവര്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്.മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും പോലിസ് ഇവരില്‍ നിന്നും പിടിച്ചെടുത്തു.

എറണാകുളം സൗത്ത്, പോലിസ് സ്‌റ്റേഷന്‍പരിധിയിലുള്ള പനമ്പിള്ളി നഗറിലെ നീലഗിരി സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് 6,87,835 രൂപയും, നോര്‍ത്ത് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപമുള്ള ഗോര്‍മെറ്റ് സൂപ്പര്‍മാര്‍ക്കറ്റ് കുത്തിതുറന്ന് മൊബൈല്‍ഫോണും, കറന്‍സിയും അടക്കം 33,500 രൂപയും മോഷണം നടത്തിയ ഇവര്‍ എളമക്കര സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാന്റ് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റ് കുത്തിതുറന്ന് മോഷണം നടത്താന്‍ ശ്രമിക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു.വന്‍ നഗരങ്ങളില്‍ ഫ്‌ളൈറ്റുകളിലെത്തിയാണ് ഇവര്‍ മോഷണം നടത്തുന്നത്.മോഷ്ടിച്ച് കിട്ടുന്ന പണം നാട്ടിലേക്ക് അയച്ചു കൊടുക്കും.മോഷണത്തിനു ശേഷം പോലീസിന്റെ ശ്രദ്ധ തെറ്റിച്ച് വിവിധ ലോഡ്ജുകളില്‍ മാറി മാറി താമസിച്ച് വരികയാണ് ഇവരുടെ പതിവെന്നും പോലിസ് പറഞ്ഞു.

Tags: