ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്: അന്വേഷണസംഘം വിപുലീകരിച്ചു
സംഭവം നടന്ന് ഒരുമാസമായിട്ടും അന്വേഷണം ഇഴയുന്നതിനാലാണ് അന്വേഷണസംഘം വിപുലീകരക്കാന്‍ തീരുമാനിച്ചത്. അധോലോക കുറ്റവാളി രവി പൂജാരിയെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണമെന്ന് പോലിസ് വ്യക്തമാക്കി.
തിരുവനന്തപുരം: നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവയ്പുണ്ടായ സംഭവം ഇനി ക്രൈംബ്രാഞ്ചും പോലിസും സംയുക്തമായി അന്വേഷിക്കും. സംഭവം നടന്ന് ഒരുമാസമായിട്ടും അന്വേഷണം ഇഴയുന്നതിനാലാണ് അന്വേഷണസംഘം വിപുലീകരക്കാന്‍ തീരുമാനിച്ചത്. അധോലോക കുറ്റവാളി രവി പൂജാരിയെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണമെന്ന് പോലിസ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തത്.
സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രവി പൂജാരി തന്നെ രംഗത്തുവന്നിരുന്നു. എന്നാല്‍, ഇതുവരെ അക്രമിസംഘത്തെ പിടികൂടാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം വിപുലീകരിച്ചത്. നിലവില്‍ അന്വേഷണ ചുമതലയുള്ള തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി പി ഷംസിന്റെ നേതൃത്വത്തില്‍ തന്നെ കൊച്ചിയിലും ഇതരസംസ്ഥാനത്തും അന്വേഷണം തുടരും. രവി പൂജാരിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്.