കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ച് മോട്ടോർ വാഹനവകുപ്പും

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കുവാൻ മദ്യപരിശോധന പോലും നടത്താതെ ഒളിച്ചുകളിച്ച പോലിസിന്റെ നടപടി ഏറെ വിവാദത്തിനിടയാക്കിയിരുന്നു. കൂടാതെ അപകട സ്ഥലത്ത് നിന്നും ബഷീറിന്റെ മൊബൈൽ ഫോൺ അപ്രത്യക്ഷമായതും സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്. ഫോൺ കണ്ടെത്താനുള്ള ശ്രമങ്ങളും പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

Update: 2019-08-19 05:19 GMT

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനേയും വഫയേയും സംരക്ഷിച്ച് മോട്ടോർ വാഹന വകുപ്പും. കേസിൽ തെളിവുകൾ നശിപ്പിക്കാൻ പോലിസ് നടത്തിയ ശ്രമങ്ങളും ശ്രീറാമിന് അനുകൂലമായ അന്വേഷണ റിപോർട്ടും വിവാദമായിരുന്നു.

ഇതിനുപിന്നാലെയാണ് മോട്ടോർ വാഹന വകുപ്പും കടുത്ത അലംഭാവം കാട്ടുന്നത്. കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ആഴ്ചകൾ കഴിഞ്ഞിട്ടും ഇരുവരുടെയും ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കാൻ പോലും മോട്ടോർ വാഹന വകുപ്പ് ശ്രമിച്ചിട്ടില്ല. വകുപ്പിലെ ഉന്നതരുടെ ഇടപെടിലാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.

മരണത്തിനു കാരണമായ വഫയുടെ കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രസ്താവനയും നടപ്പാക്കിയില്ല. അപകടമരണത്തിൽ ഇരുവരുടെയും പങ്ക് വ്യക്തമായിട്ടും മോട്ടോർ വാഹന വകുപ്പ് ഇതുവരെ നിയമ പ്രകാരമുള്ള നടപടികൾ കൈക്കൊണ്ടിട്ടില്ല. ലൈസൻസ് റദ്ദാക്കുമെന്ന ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ പ്രഖ്യാപനവും എങ്ങുമെത്തിയില്ല.

ലൈസൻസ് റദ്ദാക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. ഇരുവർക്കും നോട്ടീസ് നൽകണമെന്നും എന്നാൽ ശ്രീറാമും വഫയും നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും വഫ ഫിറോസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനാലാണ് നടപടി സ്വീകരിക്കാൻ വൈകുന്നതെന്നും അവർ വാദിക്കുന്നു. സംഭവം വിവാദമായതോടെ ഇന്നു തന്നെ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സാങ്കേതിക തടസങ്ങളാണ് നടപടി വൈകാൻ കാരണമായതെന്നും വഫ ഫിറോസിന്റെ വീട്ടിൽ നോട്ടീസ് പതിപ്പിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കുവാൻ മദ്യപരിശോധന പോലും നടത്താതെ ഒളിച്ചുകളിച്ച പോലിസിന്റെ നടപടി ഏറെ വിവാദത്തിനിടയാക്കിയിരുന്നു. കൂടാതെ അപകട സ്ഥലത്ത് നിന്നും ബഷീറിന്റെ മൊബൈൽ ഫോൺ അപ്രത്യക്ഷമായതും സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്. ഫോൺ കണ്ടെത്താനുള്ള ശ്രമങ്ങളും പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

Tags:    

Similar News