കിസാന്‍ സമ്മാന്‍നിധി: സംസ്ഥാനം അറിയാതെ കേന്ദ്രത്തിന്റെ ഉദ്ഘാടനം; രാഷ്ട്രീയ അല്‍പ്പത്തമെന്ന് സുനില്‍കുമാര്‍

സംസ്ഥാന സര്‍ക്കാര്‍ കോട്ടയത്ത് പദ്ധതിയുടെ ഉദ്ഘാടനം തീരുമാനിച്ചപ്പോള്‍ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ സമാന്തര ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്. കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തുമൊക്കെയായി നടക്കുന്നുണ്ട്.

Update: 2019-02-24 08:24 GMT

കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍നിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. സംസ്ഥാന സര്‍ക്കാര്‍ കോട്ടയത്ത് പദ്ധതിയുടെ ഉദ്ഘാടനം തീരുമാനിച്ചപ്പോള്‍ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ സമാന്തര ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്. കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തുമൊക്കെയായി നടക്കുന്നുണ്ട്.

മന്ത്രി വി എസ് സുനില്‍കുമാറാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിച്ചത്. അതിനിടെയാണ് ഔദ്യോഗിക ഉദ്ഘാടനമെന്ന പേരില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കുന്ന പരിപാടി നടന്നത്. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് ചടങ്ങ് സംഘടിപ്പിച്ചതെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ആരോപിച്ചു. ഇത് ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണ്. കണ്ണന്താനത്തിന്റെ നടപടി രാഷ്ട്രീയ അല്‍പ്പത്തമാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം പാര്‍ട്ടി പരിപാടിയാക്കി മാറ്റാനുള്ള ബിജെപി നീക്കം തരംതാഴ്ന്ന നടപടിയാണ്.

സാമാന്യമര്യാദ പോലും പാലിക്കാതെയാണ് ബിജെപി ഇടപെടുന്നത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നാണ്. അല്ലാതെ കേന്ദ്രം നേരിട്ടുവന്ന് നടപ്പാക്കുകയല്ലെന്നും വി എസ് സുനില്‍കുമാര്‍ കുറ്റപ്പെടുത്തി. കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഉദ്ഘാടനം കഴക്കൂട്ടത്ത് സിഡിസിആര്‍ഐയിലാണ് നടന്നത്. കൃഷിമന്ത്രിയെയോ സ്ഥലം എംഎല്‍എയായ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെയോ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്.

Tags:    

Similar News