ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ട്: സംസ്ഥാനവുമായി ആലോചിക്കാതെ ഉദ്ഘാടനം നിശ്ചയിച്ചത് നിരാശാജനകമെന്ന് മുഖ്യമന്ത്രി

പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി സംസ്ഥാന ടൂറിസം ഡവലപ്‌മെന്റ്് കോര്‍പറേഷനെ ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അത് അവഗണിച്ചാണ് ഐടിഡിസിയെ ചുമതല ഏല്‍പ്പിക്കുന്നത്. തീര്‍ഥാടന സര്‍ക്യൂട്ടിന്റെ നിര്‍മാണ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ കേന്ദ്ര ടൂറിസം വകുപ്പ് നിശ്ചയിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.

Update: 2019-02-07 15:25 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അവഗണിച്ച് ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്റെ നിര്‍വഹണം ഇന്ത്യാ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് ഏകപക്ഷീയ നടപടിയാണെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി സംസ്ഥാന ടൂറിസം ഡവലപ്‌മെന്റ്് കോര്‍പറേഷനെ ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അത് അവഗണിച്ചാണ് ഐടിഡിസിയെ ചുമതല ഏല്‍പ്പിക്കുന്നത്. തീര്‍ഥാടന സര്‍ക്യൂട്ടിന്റെ നിര്‍മാണ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ കേന്ദ്ര ടൂറിസം വകുപ്പ് നിശ്ചയിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുണ്ടാവേണ്ട സഹകരണാത്മക ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് മലയാളിയായ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഈ പ്രശ്‌നം കൈകാര്യം ചെയ്തത്. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാവുന്നത് ഒഴിവാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരു സ്പിരിച്വല്‍ സര്‍ക്യൂട്ടിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന് വര്‍ക്കല ശിവഗിരിയില്‍ നടത്താന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് അല്‍ഫോണ്‍സ് കണ്ണന്താനം ഒരു കത്തയച്ചിരുന്നു. ഇങ്ങനെയൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് നന്ദിയുണ്ട്. ഈ പദ്ധതി മുന്നോട്ടുവച്ചതും വിശദമായ പദ്ധതി രേഖ (ഡിപിആര്‍) കേന്ദ്രത്തിന് സമര്‍പ്പിച്ചതും സംസ്ഥാന സര്‍ക്കാരാണ്. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി അംഗീകരിച്ചത്.

പദ്ധതിയുടെ ആവര്‍ത്തനച്ചെലവുകള്‍ ഏറ്റെടുക്കാനും പരിപാലനം നടത്താനും സംസ്ഥാനം സന്നദ്ധതയും അറിയിച്ചിരുന്നു. ഇതൊക്കെയായിട്ടും സംസ്ഥാനവുമായി ആലോചിക്കാതെ ഉദ്ഘാടന പരിപാടി നടത്തുന്നത് നിരാശാജനകമാണ്. ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചും സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തുമാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാറുള്ളത്. അല്ലാതെ, ഉദ്ഘാടന തിയ്യതി നിശ്ചയിച്ച് മുഖ്യമന്ത്രിമാരെ അറിയിക്കുന്ന രീതിയില്ലെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു. അല്‍ഫോണ്‍സ് കണ്ണന്താനം അയച്ച കത്തിന്റെ പകര്‍പ്പുസഹിതമാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതിയിരിക്കുന്നത്.

Tags:    

Similar News