ഖാലിദ് മൂസാ നദ്‌വിയെ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് സസ്‌പെന്റ് ചെയ്തു
ശൂറാ അംഗം ഖാലിദ് മൂസാ നദ്‌വിക്കെതിരേയാണ് നടപടി. സംഘടനയുമായി ബന്ധപ്പെട്ട മാധ്യമസ്ഥാപനങ്ങളിലെ പ്രതിസന്ധിയുടെ പേരില്‍ 10 കോടി രൂപ പിരിക്കാനുള്ള യോഗവിവരങ്ങള്‍ ചോര്‍ത്തിയെന്നതാണ് ആരോപണം.
കോഴിക്കോട്: കത്ത് ചോര്‍ത്തിയെന്നാരോപിച്ച് ജമാഅത്തെ ഇസ്‌ലാമി കൂടിയാലോചനാ സമിതിയംഗത്തെ സസ്‌പെന്റ് ചെയ്തു. ശൂറാ അംഗം ഖാലിദ് മൂസാ നദ്‌വിക്കെതിരേയാണ് നടപടി. സംഘടനയുമായി ബന്ധപ്പെട്ട മാധ്യമസ്ഥാപനങ്ങളിലെ പ്രതിസന്ധിയുടെ പേരില്‍ 10 കോടി രൂപ പിരിക്കാനുള്ള യോഗവിവരങ്ങള്‍ ചോര്‍ത്തിയെന്നതാണ് ആരോപണം. ഇതുസംബന്ധിച്ച് ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി എം കെ മുഹമ്മദലിയുടെ കുറിപ്പ് പുറത്തുവന്നു.
കത്തിന്റെ പൂര്‍ണരൂപം:
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്
സഹപ്രവര്‍ത്തകരുടെ ശ്രദ്ധ ഗൗരവപ്പെട്ട ഒരു വിഷയത്തിലേക്ക് ക്ഷണിക്കുകയാണ്. ജനാബ് ഖാലിദ് മൂസാ സാഹിബിനെ ഹല്‍ഖാ അമീര്‍ അന്വേഷണവിധേയമായി ജമാഅത്ത് അംഗത്വത്തില്‍നിന്നും സസ്‌പെന്റ് ചെയ്തിരിക്കുന്നു. സംഘടനയുമായി ബന്ധപ്പെട്ട മാധ്യമസ്ഥാപനത്തിലെ യൂനിയനുകള്‍ ശൂറയ്ക്ക് നല്‍കിയ കത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ശൂറ നാലംഗസമിതിയെ നിയോഗിച്ചിരുന്നു. പ്രസ്തുത സമിതി പരാതിയില്‍ പരാമര്‍ശിച്ച യൂനിറ്റുകളും പ്രദേശങ്ങളും സന്ദര്‍ശിച്ച്, നിരവധിപേരുമായി മുലാഖാത്ത് നടത്തി പല സിറ്റിങ്ങുകളിലൂടെ ഒരു റിപോര്‍ട്ട് 9-5-19ന് ശൂറയ്ക്ക് സമര്‍പ്പിച്ചു.
മീഖാത്ത് അവസാനിക്കാനിരിക്കെ കഴിവതും നേരത്തെ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന സമ്മര്‍ദം ശൂറയുടെയും ഹല്‍ഖാ കേന്ദ്രത്തിന്റെയും ഭാഗത്തുനിന്നുമുണ്ടായതിനാല്‍ പരാതിയില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളുടെയും സര്‍വവശങ്ങളും സൂക്ഷ്മമായി പഠിച്ച് ഒരു അന്തിമറിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിക്ക് സാധിച്ചിരുന്നില്ല. (ഇക്കാര്യം പ്രസ്തുത റിപോര്‍ട്ടില്‍ അവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്). ഈ സാഹചര്യത്തില്‍ ശൂറാ റിപോര്‍ട്ടിലെ കണ്ടെത്തുലുകളുടെയും നിഗമനങ്ങളുടെയും ആധികാരികത ഉറപ്പുവരുത്താനും തുടര്‍നടപടികള്‍ കൈകൊള്ളാനും ആവശ്യമായ തീരുമാനങ്ങളെടുത്തുകൊണ്ട് 22-5-19ന് വീണ്ടും ചേരാമെന്ന തീരുമാനത്തില്‍ പിരിഞ്ഞു. (മുഴുനീളം മൗനിയായി ഖാലിദ് സാഹിബും ഈ ശൂറയിലുണ്ടായിരുന്നു).
സൂക്ഷ്മമായി എഡിറ്റ് ചെയ്യപ്പെടാത്തതും കേട്ടുകേള്‍വികള്‍വരെ ഉള്‍കൊളളുന്നതുമായ ഈ റിപോര്‍ട്ട് ഒരുകാരണവശാലും പുറത്തുപോവാന്‍ ഇടയാവരുതെന്നും സൂക്ഷ്മതയ്ക്ക് വേണ്ടി സോഫ്റ്റ് കോപ്പി ഫോണില്‍നിന്നും ഡിലീറ്റ് ചെയ്യണമെന്നും അമീര്‍ പ്രത്യേകം ഉണര്‍ത്തിയിരുന്നു. എന്നാല്‍, ഖാലിദ് സാഹിബ് ഈ റിപോര്‍ട്ട് ശൂറയ്ക്ക് പുറത്തുള്ള പലര്‍ക്കും കൈമാറി. ഇതിലൂടെ അമീറിന്റെ കല്‍പന ലംഘിക്കുകയും ശൂറയോട് വഞ്ചന കാണിക്കുകയുമാണ് അദ്ദേഹം ചെയ്തത്. അതിന് അദ്ദേഹത്തിന്റെ ന്യായം 10 കോടി പിരിക്കാനുള്ള ശൂറയുടെ നീക്കത്തെ പ്രവര്‍ത്തക സമ്മര്‍ദത്തിലൂടെ തടയിടാനാണെന്നാണ്. വാസ്തവത്തില്‍ ശൂറ അങ്ങനെ ഒരു തീരുമാനമെടുത്തിട്ടില്ല. എങ്കില്‍ പിന്നെ ഈ റമദാനില്‍തന്നെ തിരക്കുപിടിച്ച് ഒരു യോഗവുംകൂടി തീരുമാനിക്കുകയില്ലല്ലോ?.
ഇത്രയും വിശദമായി പറയാന്‍ കാരണം പ്രസ്ഥാനത്തിനും മാധ്യമസ്ഥാപനത്തിനും ഒരുഗുണവും വരുത്താത്തതും കുറേ ക്ഷതങ്ങള്‍ വരുത്തുന്നതുമായ ചര്‍ച്ചകളാണ് ഈ റിപോര്‍ട്ട് ചോര്‍ത്തിയതിലൂടെ ഉണ്ടാവാനിടയുള്ളത്. അവിടെ നമ്മള്‍ ജാഗ്രത കൈകൊള്ളണമെന്ന് പ്രത്യേകം ഉണര്‍ത്തുന്നു.. എന്ന ഉപദേശത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം, തന്റെ പ്രവൃത്തി ന്യായീകരിച്ചുകൊണ്ട് ഖാലിദ് മൂസ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുണ്ട്.

