കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നിരത്തിലിറങ്ങി
മന്ത്രിമാരായ ഇ പി ജയരാജൻ, എ കെ ശശീന്ദ്രൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവരുമായി എംഎൽഎ ക്വാർട്ടേഴ്സിൽ നിന്ന് നിയമസഭയിലേക്കായിരുന്നു കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോയുടെ ആദ്യ യാത്ര.
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ (ഇ-ഓട്ടോ) നീം-ജിയുടെ സർവീസ് നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (കെഎഎൽ) നെയ്യാറ്റിൻകരയിലെ പ്ലാന്റിലാണ് ഇ-ഓട്ടോയുടെ നിർമാണം പൂർത്തിയാക്കിയത്.
മന്ത്രിമാരായ ഇ പി ജയരാജൻ, എ കെ ശശീന്ദ്രൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവരുമായി എംഎൽഎ ക്വാർട്ടേഴ്സിൽ നിന്ന് നിയമസഭയിലേക്കായിരുന്നു കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോയുടെ ആദ്യ യാത്ര. ഈ വർഷം ജൂണിലാണ് കെഎഎല്ലിന് ഇ-ഓട്ടോ നിർമാണത്തിനുള്ള കേന്ദ്രാനുമതി ലഭിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിർമാണത്തിന് അനുമതി നേടുന്നത്. ജൂലായിൽ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണം ആരംഭിച്ചു.
15 വാഹനമാണ് ആദ്യഘട്ടത്തിൽ നിരത്തിലിറക്കുന്നത്. ഈ മാസം 150 'നീം-ജി' ഓട്ടോകൾ നിരത്തിലിറക്കാനാകുമെന്നാണ് കെഎഎൽ. പ്രതീക്ഷിക്കുന്നത്. 2.8 ലക്ഷം രൂപയാണ് ഇ-ഓട്ടോയുടെ വില. ഇതിൽ ഏകദേശം 30,000 രൂപയോളം സബ്സിഡി ലഭിക്കും. ബാറ്ററിക്കാണ് ഏറ്റവും കൂടുതൽ ചെലവ് വരുന്നത്. ഡ്രൈവർക്കും മൂന്ന് യാത്രക്കാർക്കും സഞ്ചരിക്കാം. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ദൂരം സുഗമമായി ഓടുമെന്നാണ് നിർമാണഘട്ടത്തിൽ കെഎഎൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പരീക്ഷണഘട്ടത്തിൽ ഒറ്റത്തവണ ചാർജിങ്ങിൽ 120 കിലോമീറ്റർ ദൂരം വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
