സൂര്യഗ്രഹണം കാണാന്‍ തയ്യാറായി കേരളം

സൂര്യഗ്രഹണം പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായി കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കി കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം പ്ലാനറ്റേറിയം.

Update: 2019-12-22 14:17 GMT

തിരുവനന്തപുരം: ഈമാസം 26ന് നടക്കാന്‍ പോകുന്ന വലിയ സൂര്യഗ്രഹണം കാണുവാനുള്ള തയ്യാറെടുപ്പില്‍ കേരളം. രാവിലെ എട്ട് മണിക്കും 11 മണിക്കും ഇടയിലായിരിക്കും കേരളമുള്‍പ്പെടെയുള്ള മേഖലകളില്‍ ഈ അപൂര്‍വ്വ പ്രതിഭാസം ദൃശ്യമാകുക.

സൗദി അറേബ്യ മുതല്‍ പടിഞ്ഞാറന്‍ ശാന്ത സമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് ഡിസംബര്‍ 26ന് ഗ്രഹണം കാണാന്‍ കഴിയുന്നത്.കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വലയ സൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും കാണാന്‍ കഴിയും.

സൂര്യഗ്രഹണം പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായി കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കി കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം പ്ലാനറ്റേറിയം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, കോട്ടയം കുറവിലങ്ങാട് ദേവമാത കോളജ് ഗ്രൗണ്ട്, ചാലക്കുടി പനമ്പിള്ളി കോളജ് ഗ്രൗണ്ട് , നാഥപുരം പുറമേരി രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സൂര്യഗ്രഹണം കാണുന്നതിനുള്ള സൗകര്യമൊരുക്കുന്നത്. ടെലിസ്‌കോപ്പ്, സോളാര്‍ ഫില്‍റ്ററുകള്‍, കണ്ണടകള്‍ തുടങ്ങിയവയും ഇവിടെ സജ്ജമാക്കിയതായും ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ അരുള്‍ ജറാള്‍ഡ് പ്രകാശ് അറിയിച്ചു.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറം പാലക്കാട് ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണം പൂര്‍ണ്ണ തോതില്‍ കാണാം. തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക. കേരളത്തില്‍ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87-93 ശതമാനം വരെയും മറയും.

ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരുന്നത് മൂലം സൂര്യ ബിംബം മറയ്ക്കപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ്, സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂരം എന്നിവയിലെ വ്യതിയാനങ്ങള്‍ കാരണം ഗ്രഹണമുണ്ടാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തെക്കാള്‍ ചെറുതായിരിക്കും. അപ്പോള്‍ സൂര്യന്‍ മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയഗ്രഹണമായി കാണുക. 93 ശതമാനത്തോളം വ്യക്തതയില്‍ കേരളത്തില്‍ ഗ്രഹണം ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇതുപോലൊരു വലയസൂര്യഗ്രഹണം ഇനിയുണ്ടാവുക 2031 മേയ് 21-ന് ആണ്. കേരളത്തില്‍ കാണാവുന്ന അടുത്ത പൂര്‍ണസൂര്യഗ്രഹണം 2168 ജൂലായ് അഞ്ചിന് ആണ്. 

Tags:    

Similar News