മുന്നാക്ക കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച; സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി എന്‍എസ്എസ്

മുന്നാക്ക കോര്‍പറേഷനും കമ്മീഷനും പാവപ്പെട്ടവര്‍ക്ക് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് ഇതിന്റെ ആനുകൂല്യം യഥാസമയം ലഭിക്കുന്നില്ല. മുന്നാക്കസമുദായങ്ങളോടുള്ള സര്‍ക്കാരിന്റെ അവഗണനയും കടുത്ത വിവേചനവുമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

Update: 2019-06-29 13:10 GMT

കോട്ടയം: മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ക്ഷേമത്തിനായി രൂപീകരിച്ച മുന്നാക്ക സമുദായ കോര്‍പറേഷന്റെയും മുന്നാക്ക സമുദായ കമ്മീഷന്റെയും പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചവരുത്തുന്നുവെന്ന വിമര്‍ശനവുമായി എന്‍എസ്എസ് രംഗത്ത്. മുന്നാക്ക കോര്‍പറേഷനും കമ്മീഷനും പാവപ്പെട്ടവര്‍ക്ക് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് ഇതിന്റെ ആനുകൂല്യം യഥാസമയം ലഭിക്കുന്നില്ല. മുന്നാക്കസമുദായങ്ങളോടുള്ള സര്‍ക്കാരിന്റെ അവഗണനയും കടുത്ത വിവേചനവുമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

ഈ രണ്ട് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ ഓഫിസുകളും പ്രാപ്തരായ ഉദ്യോഗസ്ഥരെയും യഥാസമയത്തുള്ള ഫണ്ടും നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തികഞ്ഞ അനാസ്ഥയാണുള്ളതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. 2016ല്‍ രൂപീകരിച്ച മുന്നാക്ക സമുദായകമ്മീഷന്‍ ആവശ്യമായ പഠനം നടത്തി കാലാവധി തീരുന്നതിനുമുമ്പ് 2019 മാര്‍ച്ച് 19ന് മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചതാണ്. കമ്മീഷന്റെ കാലാവധി തീരുന്നതിനുമുമ്പ് പുതിയ കമ്മീഷനെ നിയമിക്കുകയോ, പുതിയ കമ്മീഷന്‍ നിലവില്‍ വരുന്നതുവരെ പഴയ കമ്മീഷന്‍ തുടരാനുള്ള നിലപാട് സ്വീകരിക്കുകയോ ചെയ്തില്ല.

പുതിയ കമ്മീഷനിലെ മെംബര്‍ സെക്രട്ടറിക്ക് യോഗ്യതയില്ലാത്തതിന്റെ പേരില്‍ ചാര്‍ജെടുക്കുന്നതിനോ, പുതിയ മെംബര്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനോ കഴിഞ്ഞിട്ടില്ല. മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച 10 ശതമാനം സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിന് രണ്ടംഗകമ്മീഷനെ മാര്‍ച്ച് 12ന് നിയോഗിച്ചു. എന്നാല്‍, ഇതുവരെ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഒരു സ്റ്റാറ്റിയൂട്ടറി കമ്മീഷന്‍ നിലനില്‍ക്കെ മറ്റൊരു രണ്ടംഗകമ്മീഷനെ നിയമിച്ചത് വിവാദപരമാണ്. മുന്നാക്കവിഭാഗത്തില്‍ എത്ര സമുദായങ്ങളുണ്ടെന്ന് ഒരു വിജ്ഞാപനത്തിലൂടെ പരസ്യപ്പെടുത്താന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തി.  

Tags:    

Similar News