പ്രളയാനന്തര പ്രവര്‍ത്തനം: റീബില്‍ഡ് കേരളയില്‍ നിന്ന് മലപ്പുറത്തെ തഴഞ്ഞതായി ആരോപണം

തൃശൂര്‍, പാലക്കാട്, വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാംകുളം എന്നീ ഏഴ് ജില്ലകളിലെ 660 റോഡുകള്‍ ഉള്‍പ്പെട്ട പട്ടികയില്‍ പ്രളയത്തില്‍ വലിയ നാശനഷ്ടമുണ്ടായ മലപ്പുറം ജില്ലയെ പൂര്‍ണമായും തഴഞ്ഞിരിക്കുന്നു.

Update: 2019-12-03 16:50 GMT

പെരിന്തല്‍മണ്ണ: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 'റീബില്‍ഡ് കേരള' പദ്ധതിയില്‍ നിന്ന് മലപ്പുറത്തെ ഒഴിവാക്കിയതായി ആരോപണം. 2018ലെ കാലവര്‍ഷക്കെടുതിയിലും പ്രളയത്തിലുമുണ്ടായ നാശ നഷ്ടങ്ങളുടെ പുനര്‍നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ്' പദ്ധതിയില്‍ മലപ്പുറം ജില്ലക്ക് യാതൊന്നുമില്ല. റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന്നായി സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ മലപ്പുറം ജില്ലയിലെ ഒരു റോഡുമില്ല. 1781 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 1528 റോഡുകള്‍ക്ക് തകര്‍ച്ച നേരിട്ടിട്ടുണ്ടെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരുന്ന റിപ്പോര്‍ട്ട്. 2018ലുണ്ടായ വെള്ളപ്പൊക്ക കെടുതികളില്‍ ഏറ്റവും കൂടുതല്‍ കഷ്ടനഷ്ടങ്ങളുണ്ടായ 8 ജില്ലകള്‍ക്കായാണ് റീ ബില്‍ഡ് കേരളയില്‍ റോഡുകളുടെ പുനര്‍നിര്‍മ്മാണം നിര്‍ദ്ദേശിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ 30-9-2019 ന് നടന്ന യോഗത്തില്‍ ഏഴ് ജില്ലകളിലെ 660 റോഡുകള്‍ പുനരുദ്ധാരണം നടത്തുവാന്‍ തീരുമാനിക്കുകയും റോഡുകളുടെ ലിസ്റ്റ് അംഗീകരിക്കുകയും തുടര്‍ നടപടികള്‍ക്കായി ഈ ജില്ലകളിലെ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍മാര്‍ക്ക് അയച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

തൃശൂര്‍, പാലക്കാട്, വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാംകുളം എന്നീ ഏഴ് ജില്ലകളിലെ 660 റോഡുകള്‍ ഉള്‍പ്പെട്ട പട്ടികയില്‍ പ്രളയത്തില്‍ വലിയ നാശനഷ്ടമുണ്ടായ മലപ്പുറം ജില്ലയെ പൂര്‍ണമായും തഴഞ്ഞിരിക്കുന്നു.

മലപ്പുറം ജില്ലയില്‍ നിന്ന് 125 റോഡുകളുടെ പട്ടിക സമര്‍പ്പിച്ചുണ്ടായിരുന്നു. പക്ഷെ മലപ്പുറം ജില്ലയെ പരിഗണിക്കുക പോലും ചെയ്തിട്ടില്ല. 5.5 മീറ്ററിന് മുകളില്‍ വീതിയുള്ള റോഡുകള്‍ക്ക് 315 കോടി രൂപയും 5.5 മീറ്ററില്‍ താഴെ വീതിയുള്ള റോഡുകള്‍ക്ക് 173 കോടി രൂപയും എന്ന രീതിയില്‍ 488 കോടി രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന്ന് തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഒരു പ്രോജക്റ്റ് മാനേജ്‌മെന്റ് യൂനിറ്റും കേരള സ്‌റ്റേറ്റ് റൂറല്‍ റോഡ് ഡവലപ്‌മെന്റ് ഏജന്‍സിയില്‍ ഒരു പ്രോജക്റ്റ് ഇംപ്ലിമെസ്‌റ്റേഷന്‍ യൂനിറ്റും സ്ഥാപിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടത്തില്‍ പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ 5.5 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള റോഡുകള്‍ക്ക് ഡിറ്ററെയില്‍ഡ് പ്രോജക്റ്റ് റിപ്പോര്‍ട്ട് കിഫ്ബിയെ കൊണ്ട് തയ്യാറാക്കിയിട്ടുണ്ട്.

2018ലും 2019 ലും പ്രളയക്കെടുതിയില്‍ വലിയ തോതില്‍ റോഡുകള്‍ തകര്‍ന്ന മലപ്പുറം ജില്ലയെ ഈ ഘട്ടത്തിലും പൂര്‍ണമായും തഴഞ്ഞിരിക്കയാണ്. 3-10-2019 ന് ചീഫ് എന്‍ജിനീയറുടെ ഓഫിസില്‍ നിന്നിറങ്ങിയ ഉത്തരവില്‍ നിന്നാണ് ഈ വിവരങ്ങളെല്ലാം പുറത്തറിയുന്നത്. വരും നാളുകളില്‍ വലിയ പ്രക്ഷോഭത്തിലേക്ക് വഴി തുറക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് ജില്ലാ പഞ്ചായത്തംഗം ഉമ്മര്‍ അറക്കല്‍ പറയുന്നു.

Tags:    

Similar News