അമിക്കസ് ക്യൂറി റിപോര്‍ട്: ' ഇത് ഭയങ്കര മറ്റേപ്പണിയായിപ്പോയി ' ; മന്ത്രി എം എം മണിയെ ട്രോളി ജയശങ്കറുടെ ഫേസ് ബുക്ക് പോസ്റ്റ്

അമിക്കസ് ക്യൂറി റിപോര്‍ടില്‍ പതികരണം തേടിയെത്തിയ മാധ്യമ പ്രവര്‍ത്തകരെ എം എം മണി അധിക്ഷേപിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ ട്രോളിക്കൊണ്ട് ജയശങ്കര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റിട്ടിരിക്കുന്നത്.ജയശങ്കറിന്റെ പോസ്റ്റിന് ലൈക്കടിച്ചും കമന്റ് ചെയ്തും നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്

Update: 2019-04-04 05:52 GMT

കൊച്ചി: കേരളത്തെ ആകെ തകര്‍ത്ത മഹാപ്രളയത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത് ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതാണെന്നും ഇത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും നിര്‍ദേശിച്ചുകൊണ്ടുള്ള അമിക്കസ് ക്യൂറി റിപോര്‍ട് വന്നതിനു പിന്നാലെ മന്ത്രി എം എം മണിയെ ട്രോളി ഇടതു സഹയാത്രികന്‍ അഡ്വ.ജയശങ്കറുടെ ഫേസ് ബുക്ക് പോസ്റ്റ്.അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപോര്‍ട് സമര്‍പ്പിച്ചതിനു പിന്നാലെ വൈദ്യുതി മന്ത്രി എം എം മണിയുടെ പ്രതികരണം തേടി എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രോശിക്കുകയും മേലാല്‍ തന്റെ വീട്ടില്‍ കയറരുതെന്നും പറഞ്ഞ് ആക്ഷേപിച്ചു വിടുകയുമായിരുന്നു അദ്ദേഹം ചെയ്തത്. മന്ത്രി എം എം മണിയുടെ നടപടി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് അഡ്വ.ജയശങ്കര്‍ അദ്ദേഹത്തെ ട്രോളിക്കൊണ്ട് തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റിട്ടത്. 'ഇത് ഭയങ്കര മറ്റേപ്പണിയായി പോയി' എന്ന തലക്കെട്ടിലാണ് പോസ്റ്റ് ആരംഭിക്കുന്നത്

'ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോര്‍ട്ട്. അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച്. അതും പോരാ, ഇനി ജുഡീഷ്യല്‍ അന്വേഷണവും നടത്തണം പോലും!അമിക്കസ് ക്യൂറി അമേരിക്കന്‍ ഏജന്റാണ്. കേരളത്തിലെ ഇടതുപക്ഷ പുരോഗമന മതേതര സര്‍ക്കാരിനെ അട്ടിമറിക്കാനും അതുവഴി നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുര്‍ഭഗ സന്തതിയാണ് ഈ റിപ്പോര്‍ട്ട്.അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ വര്‍ഗ ബഹുജന സംഘടനകളും സാംസ്‌കാരിക നായകരും ഉടന്‍ രംഗത്തു വരും.അമിക്കസ് ക്യൂറി അറബിക്കടലില്‍' എന്നു പറഞ്ഞുകൊണ്ടാണ് ജയശങ്കര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റിനു താഴെ മന്ത്രി എം എം മണി തന്റെ തലയില്‍ കൈ കൊണ്ടു തലോടുന്ന ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്. ജയശങ്കറിന്റെ പോസ്റ്റിന് ലൈക്കടിച്ചും കമന്റ് ചെയ്തും നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്


Tags: