ദുരിതബാധിതര്‍ക്ക് പോലിസ് വയര്‍ലെസ് സംവിധാനം തുണയാവും
ഉയര്‍ന്ന പ്രദേശങ്ങളിലും വിദൂരസ്ഥലങ്ങളിലും ഒറ്റപ്പെട്ട് പോയവര്‍ക്ക് അടുത്ത ബന്ധുക്കളോട് സംസാരിക്കാന്‍ പോലിസിന്റെ വയര്‍ലെസ് സെറ്റ് ഉപയോഗിക്കാം. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: പ്രളയത്തില്‍ വാര്‍ത്താവിനിമയബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പോലിസ് വയര്‍ലെസ് സംവിധാനം ദുരിതബാധിതര്‍ക്ക് തുണയാവും. ഉയര്‍ന്ന പ്രദേശങ്ങളിലും വിദൂരസ്ഥലങ്ങളിലും ഒറ്റപ്പെട്ട് പോയവര്‍ക്ക് അടുത്ത ബന്ധുക്കളോട് സംസാരിക്കാന്‍ പോലിസിന്റെ വയര്‍ലെസ് സെറ്റ് ഉപയോഗിക്കാം. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. വാര്‍ത്താവിനിമയബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ അടിയന്തരമായി കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഐജിക്കും ടെലികമ്മ്യൂണിക്കേഷന്‍ എസ്പിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹാം റേഡിയോ ഓപറേറ്റര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് ജില്ലാ പോലിസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. റോഡ് തടസ്സങ്ങളും മരം വീണുകിടക്കുന്നതും മറ്റും നീക്കംചെയ്യുന്നതിന് അടിയന്തരപ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. നിര്‍മാണമേഖലകളില്‍നിന്ന് ഉള്‍പ്പടെ ജെസിബിയും മറ്റു യന്ത്രങ്ങളും ലഭ്യമാക്കി ഇത്തരം തടസ്സങ്ങള്‍ നീക്കുന്നതിന് പോലിസ് എല്ലാ സഹായവും നല്‍കും. മല്‍സ്യത്തൊഴിലാളി സമൂഹത്തിന്റെ പൂര്‍ണസഹകരണം ഉറപ്പാക്കുന്നതിന് കടലോര ജാഗ്രതാസമിതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
