ബദൽ സംസ്ഥാന സമിതി ഇന്ന്; കേരളാ കോൺഗ്രസ്(എം) പിളർപ്പിന്റെ വക്കിൽ

ജോസ് കെ മാണി വിളിച്ചു ചേർക്കുന്ന സംസ്ഥാന സമിതി യോഗം അനധികൃതമാണെന്ന് പി ജെ ജോസഫ് ചൂണ്ടിക്കാട്ടി. സമവായ നീക്കം ഇല്ലാതാക്കിയത് ജോസ് കെ മാണിയാണ്. ബാലിശമായ കാരണങ്ങൾ പറഞ്ഞ് ചർച്ചയിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. ജോസ് കെ മാണി സ്വയം പുറത്തുപോവുന്ന ലക്ഷണമാണുള്ളത്.

Update: 2019-06-16 05:49 GMT

തിരുവനന്തപുരം: കേരളാ കോൺഗ്രസ് -എമ്മിൽ അധികാര തർക്കം രൂക്ഷമായതിനിടെ ജോസ് കെ മാണിവിഭാഗം ബദൽ സംസ്ഥാന സമിതി യോഗം വിളിച്ചതോടെ പാർട്ടിയിൽ പിളർപ്പ് ഉറപ്പായി. ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയത്ത് സിഎസ്ഐ റിട്രീറ്റ് സെന്ററിലാണ് യോഗം. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലിസ് സുരക്ഷയിലാവും യോഗം ചേരുക. നിയുക്ത എംപി തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ എൻ ജയരാജ്, റോഷി അഗസ്റ്റിൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കും. ജോസ് കെ മാണിയുമായി അകലം പാലിക്കുന്ന ഡപ്യൂട്ടി ചെയർമാൻ സി എഫ് തോമസ് എംഎൽഎ യോഗത്തിൽ പങ്കുടുക്കുമോയെന്ന് വ്യക്തതയില്ല.

എന്നാൽ, ഈ നീക്കത്തിനെതിരേ ജോസഫ് വിഭാഗം രംഗത്തുവന്നു. ജോസ് കെ മാണി വിളിച്ചു ചേർക്കുന്ന സംസ്ഥാന സമിതി യോഗം അനധികൃതമാണെന്ന് പി ജെ ജോസഫ് ചൂണ്ടിക്കാട്ടി. സമവായ നീക്കം ഇല്ലാതാക്കിയത് ജോസ് കെ മാണിയാണ്. ബാലിശമായ കാരണങ്ങൾ പറഞ്ഞ് ചർച്ചയിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. ജോസ് കെ മാണി സ്വയം പുറത്തുപോവുന്ന ലക്ഷണമാണുള്ളത്. ഹൈപവർ കമ്മറ്റിയിൽ ഭൂരിപക്ഷം തനിക്കാണെന്നും ജോസഫ് പറഞ്ഞു.

എന്നാൽ, ഇന്നുചേരുന്ന സംസ്ഥാന കമ്മറ്റിയോഗം വ്യവസ്ഥാപിതമായ മാര്‍ഗത്തില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കുമെന്ന് ജോസ് കെ മാണി വിഭാഗം അറിയിച്ചു. ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനായി പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയിലെ 127 അംഗങ്ങള്‍ ഒപ്പിട്ട് രേഖാമൂലമുള്ള കത്ത് ജൂണ്‍ 3ന് വര്‍ക്കിങ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്ക് കൈമാറിയിരുന്നു. ഭരണഘടനാപ്രകാരം ഇത്തരത്തില്‍ കത്ത് ലഭിച്ചാല്‍ യോഗം വിളിച്ചുചേര്‍ത്തേ മതിയാവൂ.

സംസ്ഥാന കമ്മറ്റിയോഗം വിളിച്ച് ചേര്‍ക്കണമെന്ന് ആവര്‍ത്തിച്ചുള്ള ആവശ്യമുയര്‍ന്നിട്ടും അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് കത്തില്‍ ഒപ്പിട്ട സംസ്ഥാന കമ്മറ്റിയംഗങ്ങളിലെ മുതിര്‍ന്ന നേതാവായ പ്രഫ.കെ എ ആന്റണിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ക്കുന്നത്. പാര്‍ട്ടിയില്‍ വിയോജിപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചത് നിയമസഭയിലെ നിയമസഭയിലെ പി ജെ ജോസഫിന്റെ സ്ഥാനം സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്തുനല്‍കിയ മോന്‍സ് ജോസഫിന്റെ നടപടിയാണ്. പാര്‍ട്ടിയിലെ എംഎല്‍എമാരോട് പോലും ആലോചിക്കാതെ ഇത്തരമൊരു കത്തു നല്‍കിയതിന്റെ പിന്നില്‍ ദുഷ്ടലാക്കുണ്ടായിരുന്നുവെന്നും ജോസ് വിഭാഗം പറയുന്നു. 

കെ എം മാണി മരിച്ച് രണ്ടു മാസം പിന്നിട്ടതിനു പിന്നാലെയാണ് പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നത്. അതിനിടെ തർക്കം തീർക്കാൻ യുഡിഎഫ് നേതാക്കളും ശ്രമം തുടങ്ങി. ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഇരു വിഭാഗവുമായും ചർച്ച നടത്തിയെങ്കിലും നിലപാട് മാറ്റമുണ്ടായിട്ടില്ല. സഭാ നേതൃത്വവും തർക്കപരിഹാരത്തിന് ശ്രമം നടത്തിയിരുന്നു. പാർട്ടിയിലെ മധ്യസ്ഥ ശ്രമങ്ങൾ അവസാനിച്ചിട്ടില്ലെന്ന് മുതിർന്ന നേതാവ് സിഎഫ് തോമസ് പറഞ്ഞു. പ്രശ്നങ്ങളിൽ സമവായം ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സമിതിയിൽ ജോസ് കെ മാണിക്കാണ് ഭൂരിപക്ഷം. അതിനാൽ തന്നെ ഇന്നു ചേരുന്ന യോഗം ജോസ് കെ മാണിയെ ചെയർമാനായി പ്രഖ്യാപിക്കും. മുതിർന്ന നേതാവ് സിഎഫ് തോമസിനെ ചെയർമാനായി നിർദേശിച്ച് കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം മുന്നോട്ടുവച്ച ഫോർമുല തളളിയാണ് ജോസ് കെ മാണി ബദൽ യോഗം വിളിച്ചത്.

Tags:    

Similar News