മണല്‍വാരല്‍: നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ കുത്തനെ ഉയര്‍ത്തും

നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ 25,000 രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് നിയമ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചു.

Update: 2020-01-29 19:15 GMT

തിരുവനന്തപുരം: കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ 25,000 രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് നിയമ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി തയ്യാറാക്കിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. തുടര്‍ച്ചയായ നിയമലംഘനത്തിന് ഓരോ ദിവസത്തേക്കും അധികമായി ചുമത്തുന്ന പിഴ ആയിരം രൂപയില്‍ നിന്ന് അമ്പതിനായിരം രൂപയായി വര്‍ധിപ്പിക്കും. നിലവിലുള്ള നിയമപ്രകാരം കണ്ടുകെട്ടിയ മണല്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ നിര്‍മ്മിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വില്‍ക്കേണ്ടതാണ്. അതു മാറ്റി കണ്ടുകെട്ടിയ മണലിന്റെ മതിപ്പുവില ജില്ലാ കലക്ടര്‍ നിശ്ചയിച്ചുകൊണ്ട് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ലേലത്തിലൂടെ വില്‍പ്പന നടത്താന്‍ കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു.

കാസര്‍ഗോഡ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ആരംഭിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അഞ്ച് തസ്തികകള്‍ അനുവദിക്കും. മറ്റ് തസ്തികകള്‍ സബോര്‍ഡിനേറ്റ് ജുഡീഷ്യറിക്ക് അനുവദിച്ച തസ്തികകളില്‍ നിന്ന് കണ്ടെത്തും.

കിഫ്ബി ധനസഹായത്തോടെ പശ്ചാത്തല സൗകര്യവികസനത്തിന് തിരഞ്ഞെടുത്ത സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക ഉദ്ദേശ കമ്പനിയായി (എസ്പിവി) നിയമിക്കപ്പെട്ട കിലയില്‍ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി ഏഴു തസ്തികകള്‍ അന്യത്ര സേവന വ്യവസ്ഥയില്‍ അനുവദിക്കും. ഇതു കൂടാതെ ആവശ്യമായ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ കില ഡയറക്ടര്‍ക്ക് അനുമതി നല്‍കും.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിത്താശയ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സാ പിഴവ് കാരണം മരിച്ച ടി.സി. ബൈജുവിന്റെ (ചേമഞ്ചേരി, കോഴിക്കോട് ജില്ല) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Tags:    

Similar News