ഉപതിരഞ്ഞെടുപ്പ്: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനായി കോൺഗ്രസിൽ പിടിവലി

ലോക്സഭാ തിരഞ്ഞടുപ്പില്‍ പരാജയപ്പെട്ട കുമ്മനം കേന്ദ്രമന്ത്രിസഭയില്‍ ഇടം കിട്ടിയില്ലെങ്കില്‍ ഇവിടെ മൽസരിക്കാൻ സാധ്യത ഏറെയാണ്. അതിനാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെത്തന്നെ നിര്‍ത്തി മണ്ഡലം നിലനിര്‍ത്താനുള്ള നീക്കമാകും കോണ്‍ഗ്രസില്‍ നിന്നുണ്ടാവുക.

Update: 2019-05-27 08:01 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീക്കങ്ങള്‍ സജീവം. പാലാ, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.

തലസ്ഥാനത്തെ മണ്ഡലങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവ് നോട്ടമിട്ടെത്തുന്ന കോൺഗ്രസ് നേതാക്കളുടെ എണ്ണം കൂടുകയാണ്. വടകരയില്‍ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ മുരളീധരന്‍ കാര്യമായി പരിപാലിച്ചുപോന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. മണ്ഡലം മോഹിച്ച് ഒടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനും രംഗത്തെത്തി. മനുഷ്യാവകാശ കമ്മിഷന്‍ അംഗമായ കെ മോഹന്‍കുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന കെ പീതാംബരക്കുറുപ്പ്, യൂത്ത് കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ വി രാജേഷ് എന്നിവര്‍ ഐ ഗ്രൂപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ മില്‍മ ചെയര്‍മാനുമായിരുന്ന പ്രയാര്‍ എന്‍എസ്എസ് നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെയാണ് എത്തിയിരിക്കുന്നത്.പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ താന്‍ മത്സരിച്ചിരുന്നെങ്കില്‍ ഒരു ലക്ഷത്തിന് പുറത്ത് വോട്ടുകള്‍ക്ക് ജയിക്കുമായിരുന്നുവെന്നും പ്രയാര്‍ അവകാശപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ കെ മുരളീധരന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് വട്ടിയൂര്‍ക്കാവില്‍ മൽസരിക്കാന്‍ കരുനീക്കം ആരംഭിച്ചിരുന്നു. മണ്ഡലത്തിലെ പേരൂര്‍ക്കടയില്‍ താമസമായ അദ്ദേഹം പ്രാദേശിക ഘടകങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ നിലവില്‍ തങ്ങളുടെ കൈയിലിരിക്കുന്ന മണ്ഡലം ഉമ്മന്‍ചാണ്ടിയുടെ മാനസപുത്രനായ വിഷ്ണുനാഥിന് ഒരു കാരണവശാലും വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.അതിനിടെ കെ മുരളീധരന്റെ സഹോദരി പത്മജാ വേണുഗോപാലും സീറ്റിനായി അവകാശവാദമുന്നയിച്ചതായി സൂചനയുണ്ട്. .

കഴിഞ്ഞ തവണ ശക്തമായ ത്രികോണമൽസ നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയുടെ കുമ്മനം രാജശേഖരനായിരുന്നു. ലോക്സഭാ തിരഞ്ഞടുപ്പില്‍ പരാജയപ്പെട്ട കുമ്മനം കേന്ദ്രമന്ത്രിസഭയില്‍ ഇടം കിട്ടിയില്ലെങ്കില്‍ ഇവിടെ മൽസരിക്കാൻ സാധ്യത ഏറെയാണ്. അതിനാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെത്തന്നെ നിര്‍ത്തി മണ്ഡലം നിലനിര്‍ത്താനുള്ള നീക്കമാകും കോണ്‍ഗ്രസില്‍ നിന്നുണ്ടാകുക. നായര്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കെ മുരളീധരന്‍ സ്വീകരിക്കുന്ന നിലപാടും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായകമാകും.

Tags:    

Similar News