കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് സ്വര്‍ണ്ണക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍:യുഡിഎഫ് കണ്‍വീനര്‍

മുഖ്യമന്ത്രിയിലേക്കും സ്പീക്കറിലേക്കും അന്വേഷണം നീണ്ടുപോകുന്നതിന് തടയിടാനുമുള്ള നീക്കമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളു.തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇങ്ങനെയൊരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് വെറും പ്രഹസനമാണെന്ന് എം എം ഹസന്‍ കൂട്ടിച്ചേര്‍ത്തു

Update: 2021-03-27 14:35 GMT

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ തന്നെ ആവശ്യപ്രകാരം ചുമതലയേറ്റ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയിലേക്കും സ്പീക്കറിലേക്കും അന്വേഷണം നീണ്ടുപോകുന്നതിന് തടയിടാനുമുള്ള നീക്കമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇങ്ങനെയൊരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് വെറും പ്രഹസനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച് ജനങ്ങള്‍ക്ക് യാതൊരുവിധ ഉപയോഗവും ഇല്ലാത്ത ഈ തീരുമാനം തികച്ചും അനൗചിത്യകരമാണ്. എന്തുകൊണ്ട് മുഖ്യമന്ത്രി ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുവാന്‍ മടിക്കുന്നു. രാഷ്ട്രീയപരമായ കടന്നുകയറ്റം കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിലുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനുപകരം എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ലെന്നും എം എം ഹസന്‍ ചോദിച്ചു.അന്വേഷണത്തിനുള്ള അതൃപ്തി അഥവാ രാഷ്ട്രീയവല്‍്ക്കരണം എന്നിവ പരിശോധിക്കാന്‍ എന്തുകൊണ്ട് ഒരു പാര്‍ട്ടി കമ്മീഷനെ ചുമതലപ്പെടുത്തിയില്ലെന്നും എം എം ഹസന്‍ ചോദിച്ചു.

യഥാര്‍ഥ വസ്തുത പുറത്തുവരുമെന്നുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തിനു പുറമെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ എന്തിനാണ് സര്‍ക്കാര്‍ ഇത്രയും അസഹിഷ്ണുത വച്ചു പുലര്‍ത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാവാന്‍ എന്തുകൊണ്ട് സ്പീക്കര്‍ മടിക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് അന്വേഷണസംഘം രണ്ട് തവണ നോട്ടീസ് അയച്ചിട്ടും അവര്‍ ഹാജരാകാന്‍ തയാറായില്ല. അന്വേഷണത്തോട് സഹകരിക്കാതെയും അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തിയും എല്‍ഡിഎഫ് സര്‍ക്കാര്‍ എന്താണ് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതെന്നും എം എം ഹസന്‍ ചോദിച്ചു.അതൃപ്തിക്ക് കാരണം മുഖ്യമന്ത്രിയുടെ മടിയില്‍ കനം ഉള്ളതുകൊണ്ടു തന്നെയാണെന്നും എം എം ഹസന്‍ പറഞ്ഞു.

Tags:    

Similar News