കായംകുളത്ത് പ്രതിശ്രുത വരനെ കാര്‍ കയറ്റിക്കൊന്ന സംഭവം: രണ്ട് പ്രതികള്‍കൂടി പിടിയില്‍
കായംകുളം സ്വദേശികളായ സാഹില്‍, അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ച സേലം റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ആര്‍പിഎഫിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.
ആലപ്പുഴ: കായംകുളത്ത് പ്രതിശ്രുതവരനെ അക്രമിസംഘം കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍കൂടി പിടിയിലായി. കായംകുളം സ്വദേശികളായ സാഹില്‍, അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ച സേലം റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ആര്‍പിഎഫിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. കേസില്‍ ഒന്നാം പ്രതിയായ ഷിയാസിനെ കഴിഞ്ഞദിവസം പോലിസ് പിടികൂടിയിരുന്നു.
ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് കരീലക്കുളങ്ങര സ്വദേശി ഷമീര്‍ ഖാനെ മൂന്നംഗസംഘം ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. രാത്രി ഷമീര്‍ഖാനും സംഘവും ദേശീയപാതയോട് ചേര്‍ന്ന ഹൈവേ പാലസ് ബാറിലെത്തി. ബാറിന്റെ പ്രവര്‍ത്തനസമയം കഴിഞ്ഞെന്നും മദ്യംനല്‍കാനാവില്ലെന്നും ജീവനക്കാര്‍ അറിയിച്ചപ്പോള്‍ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരും ഷമീര്‍ഖാനുമായി തര്‍ക്കമുണ്ടായെന്നാണ് പോലിസ് പറയുന്നത്. ഈസമയം ബാറില്‍നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ പ്രതികള്‍ തര്‍ക്കത്തില്‍ ഇടപെട്ടു. പീന്നീട് ഇരുസംഘങ്ങളും തമ്മില്‍ കൈയാങ്കളിയുണ്ടായതോടെ സംഘത്തിലൊരാള്‍ ഷമീര്‍ഖാന്റെ മുഖത്ത് ബിയര്‍കുപ്പി കൊണ്ട് അടിക്കുകയായിരുന്നു.
ഇതിനിടെ, മറ്റൊരു പ്രതി കാര്‍ മുന്നോട്ടെടുത്ത് ഷമീറിനെ ഇടിച്ചുവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കയറ്റിയിറക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. പോലിസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് പോലിസ് പറഞ്ഞു. കൊലപാതകത്തിനുശേഷം തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ട ഷിയാസിനെ കിളിമാനൂരില്‍നിന്നാണ് കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.