കാസര്‍ഗോഡ് റീ പോളിങ്: മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കും

മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് വനിതാ ജീവനക്കാരിയെ നിയോഗിച്ചതായും കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചു. സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ വോട്ടുചെയ്യാന്‍ സാധിക്കൂ.

Update: 2019-05-18 12:48 GMT

കാസര്‍ഗോഡ്: ഞായറാഴ്ച റീപോളിങ് നടക്കാനിരിക്കുന്ന ബൂത്തുകളില്‍ വോട്ടുരേഖപ്പെടുത്തുന്നതിനായി മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കാസര്‍ഗോഡ് ജില്ലാ കലക്ടര്‍. മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് വനിതാ ജീവനക്കാരിയെ നിയോഗിച്ചതായും കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചു. സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ വോട്ടുചെയ്യാന്‍ സാധിക്കൂ. വോട്ടര്‍ പട്ടികയിലുള്ള പേരും തിരിച്ചറിയല്‍ രേഖയിലെ പേരും ഒരുപോലെ ആയിരിക്കണം. അല്ലെങ്കില്‍ വോട്ടുചെയ്യാന്‍ അനുവദിക്കില്ല.

പോളിങ് സ്‌റ്റേഷന് വെളിയില്‍ നില്‍ക്കുന്ന ബിഎല്‍ഒയില്‍നിന്ന് വോട്ടര്‍ സ്ലിപ്പ് കൈപ്പറ്റി മാത്രമേ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കാവൂ. ഇടതുവശത്തെ നടുവിരലിലാവും മഷി പതിപ്പിക്കുക. ചൂണ്ടുവിരലില്‍ മഷി നേരത്തെ പതിപ്പിച്ചതിനാലാണിത്. കള്ളവോട്ട് തടയാന്‍ പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവന വിവാദത്തിന് വഴിവച്ചിരുന്നു. ജയരാജനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി കെ ശ്രീമതി എംപിയും രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കിയത്.

Tags:    

Similar News