സിലബസില്‍നിന്ന് ദലിത് പാഠഭാഗങ്ങള്‍ പിന്‍വലിച്ച് കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാല

രണ്ടാം സെമസ്റ്റര്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഡിസംബര്‍ 10ന് ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുടെ ചുമതലയുള്ള ഡോ.വെള്ളിക്കല്‍ രാഘവന്‍ വിളിച്ചുചേര്‍ത്ത ഫാക്കല്‍റ്റി യോഗത്തില്‍ പുതുക്കിയ സിലബസിലെ ദലിത് പാഠഭാഗങ്ങളെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയില്ല. പുതുക്കിയ സിലബസില്‍നിന്ന് മേല്‍പ്പറഞ്ഞ കോഴ്‌സ് പൂര്‍ണമായും ഒഴിവാക്കിയുള്ള പട്ടികയാണ് ഫാക്കല്‍റ്റി അംഗങ്ങള്‍ക്ക് മേധാവി വിതരണം ചെയ്തത്.

Update: 2019-12-19 14:52 GMT

കോഴിക്കോട്: പുതിയ അധ്യയനവര്‍ഷത്തെ സിലബസില്‍നിന്ന് കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാല രണ്ടുവര്‍ഷത്തെ ഇലക്ടീവ് കോഴ്‌സായ ദലിത് പഠനം പിന്‍വലിച്ചു. 2019-21 വര്‍ഷത്തെ പുതുക്കിയ സിലബസില്‍ സാമൂഹികപ്രവര്‍ത്തകരും എഴുത്തുകാരുമായ ഗോപാല്‍ ഗുരു, അരുന്ധതി റോയ്, ഡി ആര്‍ നാഗരാജ്, ആനന്ദ് തെല്‍തുംബ്‌ദെ, ഗെയില്‍ ഓംവെഡ്, കാഞ്ച ഏലയ്യ എന്നിവരുടെ പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ജാതി ഉന്‍മൂലനത്തിനുവേണ്ടി ഡോ. ബി ആര്‍ അംബേദ്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള അരുന്ധതി റോയിയുടെ ' ദി ഡോക്ടര്‍ ആന്റ് ദി സെയ്ന്റ്, മഹാരാഷ്ട്ര പണ്ഡിതനും എഴുത്തുകാരനും പൗരാവകാശപ്രവര്‍ത്തകനുമായ ആനന്ദ് തെല്‍തുംബ്‌ദെയുടെ 'കാസ്റ്റ് എ ഹിസ്റ്റോറിക്കല്‍ ഔട്ട്‌ലൈന്‍' എന്നീ കൃതികളാണ് 2019-21 വര്‍ഷത്തെ പുതുക്കിയ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ദി ന്യൂസ് മിനുട്ടാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. 2019 ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ ചേര്‍ന്ന സിലബസ് മാറ്റത്തിനായി രൂപീകരിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസിന് കീഴിലുള്ള വിദഗ്ധസമിതിയുടെ നാല് യോഗങ്ങളിലും പുതിയ പാഠഭാഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും അവ ഒറ്റക്കെട്ടായി സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് സര്‍വകലാശാല മാനേജ്‌മെന്റും പുതുക്കിയ സിലബസ് അംഗീകരിച്ചു. എന്നാല്‍, രണ്ടാം സെമസ്റ്റര്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഡിസംബര്‍ 10ന് ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുടെ ചുമതലയുള്ള ഡോ.വെള്ളിക്കല്‍ രാഘവന്‍ വിളിച്ചുചേര്‍ത്ത ഫാക്കല്‍റ്റി യോഗത്തില്‍ പുതുക്കിയ സിലബസിലെ ദലിത് പാഠഭാഗങ്ങളെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയില്ല. പുതുക്കിയ സിലബസില്‍നിന്ന് മേല്‍പ്പറഞ്ഞ കോഴ്‌സ് പൂര്‍ണമായും ഒഴിവാക്കിയുള്ള പട്ടികയാണ് ഫാക്കല്‍റ്റി അംഗങ്ങള്‍ക്ക് മേധാവി വിതരണം ചെയ്തത്.

പകരം 2016 ലെ പഴയ പാഠഭാഗമായ ജൂതന്‍മാരെക്കുറിച്ച് പ്രതിപാദിക്കുന്ന 'ഡയസ്‌പോറ സ്റ്റഡീസ്' ഉള്‍പ്പെടുത്തുകയാണ് ചെയ്തതെന്ന് സര്‍വകലാശാലാ വൃത്തങ്ങള്‍ അറിയിച്ചു. ഡയസ്‌പോറ സ്റ്റഡീസ്, പോസ്റ്റ് സെക്യുലര്‍ ഫെമിനിസം, പുരാണങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം ഇവിയിലേതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാമെന്ന് ചൂണ്ടിക്കാട്ടി വകുപ്പുമേധാവി നോട്ടീസ് ബോര്‍ഡില്‍ സര്‍ക്കുലറും പതിച്ചു. പുതുക്കിയ സിലബസ് ഒഴിവാക്കി പഴയ സിലബസ് ഉള്‍പ്പെടുത്താന്‍ യാതൊരു കാരണവുമില്ലെന്നും ഇത് വിചിത്രമായ നീക്കമാണെന്നും സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്‌സുകളുടെ വിവരം നല്‍കണമെന്നാവശ്യപ്പെട്ട് 2019 നവംബര്‍ 29ന് വകുപ്പുമേധാവി ഡോ. രാഘവന്‍ ഫാക്കല്‍റ്റി അംഗങ്ങള്‍ മെയില്‍ അയച്ചിരുന്നു. സെമസ്റ്ററില്‍ ഒരു നിര്‍ബന്ധിത കോഴ്‌സും കോര്‍ കോഴ്‌സും ഇലക്ടീവ് കോഴ്‌സും ഫാക്കല്‍റ്റി അംഗങ്ങള്‍ തിരഞ്ഞെടുത്ത് അറിയിക്കണമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരം മുന്‍ വകുപ്പുമേധാവി പ്രഫ. പ്രസാദ് പന്നിയനാണ് ദലിത് സ്റ്റഡീസ് തിരഞ്ഞെടുത്തത്. നേരത്തെ ഇതേ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു.

ഡിസംബര്‍ രണ്ടിന് പ്രസാദ് മുന്‍ഗണനാ വിഷയമടങ്ങിയ കോഴ്‌സിന്റെ വിവരം വകുപ്പുമേധാവിക്ക് മെയിലായി അയച്ചുകൊടുത്തു. എന്നാല്‍, മെയില്‍ രണ്ടുദിവസം വൈകിയാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി വകുപ്പുമേധാവി ദലിത് സ്റ്റഡീസ് സിലബസില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. ഭരണകൂടത്തിനെതിരേ ശബ്ദിച്ചതിന്റെ പേരില്‍ കേരളത്തിലെ ഏക കേന്ദ്രസര്‍വകലാശാലയായ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരേ ഇതിന് മുമ്പും ഏകപക്ഷീയമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് പരാതി ഉയരുന്നത്. തിരഞ്ഞെടുത്ത കോഴ്‌സുകള്‍ പിന്‍വലിച്ച വകുപ്പിന്റെ നടപടിക്കെതിരേ പ്രഫ. പന്നിയന്‍ സര്‍വകലാശാല വിസി, ഡീന്‍, രജിസ്ട്രാര്‍ എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ട്. ദലിത് സ്റ്റഡീസില്‍ താല്‍പര്യമുണ്ടെന്ന് 13 ഓളം വിദ്യാര്‍ഥികള്‍ മെയില്‍ വഴിയും ബാക്കിയുള്ള വിദ്യാര്‍ഥികള്‍ നേരിട്ടും തന്നെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ക്ക് അവസരം നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രഫ. പന്നിയന്‍ പറയുന്നു.

അതേസമയം, രണ്ടും മൂന്നും സെമസ്റ്ററുകളിലെ കോര്‍ കോഴ്‌സുകളുടെ ഭാഗമായി സര്‍വകലാശാലയുടെ ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് സ്റ്റഡീസ് വിഭാഗം ഇതിനകം 16 ദലിത് പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്ന് വകുപ്പുമേധാവി ഡോ. വെല്ലിക്കല്‍ രാഘവന്‍ പ്രതികരിച്ചു. രാജ്യത്തിനകത്ത് ഏറ്റവും കൂടുതല്‍ ദലിത് പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്ന സര്‍വകലാശാലയാണിത്. കോര്‍ കോഴ്‌സുകളുടെ ഭാഗമായി ദലിത് ആക്ടിവിസ്റ്റ് മീന കന്ദസാമിയുടെ കൃതികള്‍, പൊയ്കയില്‍ അപ്പച്ചന്റെ കവിതകള്‍, ബി ആര്‍ അംബേദ്കറുടെ ജാതി ഉന്‍മൂലനം മുതലായവ പഠിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ വകുപ്പില്‍ സവര്‍ണ ഫാക്കല്‍റ്റി അംഗങ്ങളില്ല. പ്രഫസര്‍മാര്‍ നടപടിക്രമം പാലിക്കാത്തതിനാലും സമയബന്ധിതമായി കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് അറിയിക്കാത്തതിനാലുമാണ് അവ ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News