കിയാലില്‍ സിഎജി ഓഡിറ്റ് നിഷേധം; നിയമ നടപടി വേണമെന്ന് വി ഡി സതീശന്‍ എം എല്‍ എ

കിയാലില്‍ സിഎജിയുടെ ഓഡിറ്റ് അടിയന്തിരമായി നടപ്പാക്കണമെന്ന കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കിയാല്‍ സിഎജി ഓഡിറ്റ് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും നടത്തിയ വാദങ്ങള്‍ നിരര്‍ഥകമാണെന്ന് ഇതോടെ തെളിഞ്ഞു. 32.86 ശതമാനം കേരള സര്‍ക്കാരിനും 31.93 ശതമാനം പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഓഹരിയുള്ള കിയാല്‍ സര്‍ക്കാര്‍ കമ്പനിയാണെന്ന് കോര്‍പറേറ്റ് കാര്യ മന്ത്രാലയം സ്ഥിരീകരിച്ചതോടെ ഇത് സ്വകാര്യ കമ്പനിയാണെന്നും ഓഡിറ്റ് ആവശ്യമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്ന് വ്യക്തമായെന്നും വി ഡി സതീശന്‍ വ്യക്തമാക്കി

Update: 2019-11-28 12:45 GMT

കൊച്ചി: തുടര്‍ച്ചയായ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സിഎജി ഓഡിറ്റ് നിഷേധിച്ച കിയാല്‍ അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കിയാലില്‍ സിഎജിയുടെ ഓഡിറ്റ് അടിയന്തിരമായി നടപ്പാക്കണമെന്ന കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കിയാല്‍ സിഎജി ഓഡിറ്റ് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും നടത്തിയ വാദങ്ങള്‍ നിരര്‍ഥകമാണെന്ന് ഇതോടെ തെളിഞ്ഞു. 32.86 ശതമാനം കേരള സര്‍ക്കാരിനും 31.93 ശതമാനം പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഓഹരിയുള്ള കിയാല്‍ സര്‍ക്കാര്‍ കമ്പനിയാണെന്ന് കോര്‍പറേറ്റ് കാര്യ മന്ത്രാലയം സ്ഥിരീകരിച്ചതോടെ ഇത് സ്വകാര്യ കമ്പനിയാണെന്നും ഓഡിറ്റ് ആവശ്യമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്ന് വ്യക്തമായെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കിയാലില്‍ നടക്കുന്ന അഴിമതിയും വഴിവിട്ട ക്രമവിരുദ്ധമായ നിയമനങ്ങളും മറച്ചു വയ്ക്കാനാണ് സര്‍ക്കാര്‍ സിഎജി ഓഡിറ്റിനെതിരായി നിലപാടെടുത്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

കിഫ്ബിയിലും സിഎജി ഓഡിറ്റ് നിഷേധിച്ച സര്‍ക്കാരിന് സമാനമായ തിരിച്ചടിയുണ്ടാവും. ഓഡിറ്റ് നിഷേധിച്ച സ്ഥാപനങ്ങളില്‍ ശരിയായ രീതിയിലല്ല കാര്യങ്ങള്‍ നടക്കുന്നത് എന്ന് വേണം മനസിലാക്കാന്‍. ഇക്കാര്യങ്ങളില്‍ ദുരൂഹതയുണ്ട്. കിയാലില്‍ വ്യാപകമായ ക്രമക്കേടുകള്‍ ഒളിപ്പിച്ചു വെക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമമെന്നും വി ഡി സതീശന്‍ പറഞ്ഞു. മസ്റ്ററിങിന്റെ പേരില്‍ പെന്‍ഷന്‍ വാങ്ങുന്നവരെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് മസ്റ്ററിങ് നടപടികള്‍. വയോധികരും അവശത അനുഭവിക്കുന്നവരും രോഗികളും മസ്റ്ററിങിനായി അക്ഷയ കേന്ദ്രങ്ങളില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണെന്നും എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്തവരെ മസ്റ്ററിങ് വഴി സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Tags:    

Similar News