കലാഭവന്‍ മണിയുടെ മരണം: സി ബി ഐ യുടെ നേതൃത്വത്തില്‍ സുഹൃത്തുക്കളുടെ നുണ പരിശോധന പൂര്‍ത്തിയായി

സിനിമാ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍, മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യന്‍, മണിയുടെ സുഹൃത്തുക്കളായ വിപിന്‍, അരുണ്‍, മുരുകന്‍, അനില്‍കുമാര്‍ എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. ചെന്നൈയിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയക്ക് നേതൃത്വം വഹിച്ചത്

Update: 2019-03-21 02:23 GMT

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്തുക്കളുടെ നുണ പരിശോധന സി ബി ഐ പൂര്‍ത്തിയാക്കി.സിനിമാ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍, മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യന്‍, മണിയുടെ സുഹൃത്തുക്കളായ വിപിന്‍, അരുണ്‍, മുരുകന്‍, അനില്‍കുമാര്‍ എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. ചെന്നൈയിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍നിന്നുള്ള ഉദ്യോഗസ്ഥരാണു കൊച്ചി കതൃക്കടവിലെ സി ബി ഐ ഓഫിസില്‍ നടന്ന നുണ പരിശോധനയ്ക്ക് നേതൃത്വം വഹിച്ചത്. പരിശോധനയില്‍ ലഭ്യമായ വിവരങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ചെന്നൈയിലേക്ക് അയച്ചിട്ടുണ്ട്.

മണിയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സംശയത്തിന്റെ നിഴലിലായിരുന്നു. മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ അടക്കമുളളവര്‍ ഇവര്‍ക്കെതിരെ രംഗത്തു വന്നിരുന്നു.മണിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം പാടിയിലുണ്ടായിരുന്നവര്‍ അറിയാതെ മരണം സംഭവിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.തുടര്‍ന്ന് സിബി ഐയും ഇവരെ നുണപരി ശോധനയ്ക്ക് വിധേയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഏതാനൂം ദിവസം മുമ്പ് ഇവര്‍ കോടതിയില്‍ ഹാജരായി തങ്ങള്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ചതോടെയാണ് സിബി ഐ നുണ പരിശോധന നടപടി ആരംഭിച്ചത്.

 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതേ ആരോപണം ഉന്നയിച്ച് അദ്ദഹത്തിന്റെ കുടുംബവുംം രംഗത്തു വന്നിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി കേസ് അന്വേഷണം സിബിഐക്ക് വിടുകയുമായിരുന്നു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധനാ ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്.

Tags: