'മൂത്ത മോദി വിരോധി മമതയുടെ ബംഗാളില്‍ നടപ്പാകും, പിന്നയല്ലേ കേരളം'; പിണറായി വിജയന് മറുപടിയുമായി കെ സുരേന്ദ്രന്‍

ഈ നിയമം കേരളത്തില്‍ വലിയതോതില്‍ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ചുളുവില്‍ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Update: 2019-12-12 18:35 GMT

കോഴിക്കോട്: ദേശീയ പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളില്‍ നടപ്പാവും പിന്നെയല്ലേ കേരളത്തിലെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ലമെന്റ് പാസാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈ നിയമം കേരളത്തില്‍ വലിയതോതില്‍ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ബംഗ്ലാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ചുളുവില്‍ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സല്‍ബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ? സുരേന്ദ്രന്‍ ചോദിക്കുന്നു.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേഗദതി ബില്‍ കേന്ദ്ര സര്‍ക്കാരിന്റെ കരിനിയമമാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. വിവേചനപരമായ പൗരത്വ ഭേദഗതി നിയമം ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തി. പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Tags:    

Similar News