കെ എം ബഷീറിന്റെ മരണം: ശ്രീറാം, വഫ, പോലിസുദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴിയെടുക്കും

കേസില്‍ പോലിസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Update: 2019-08-07 18:03 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മ്യൂസിയം സിഐ ഉള്‍പ്പടെയുള്ള പോലിസുകാരുടെ മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കി. മദ്യലഹരിയില്‍ കാറോടിച്ചിരുന്ന മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമന്റെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെയും മൊഴിയെടുക്കും. കേസില്‍ പോലിസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ശ്രീറാമിനെതിരായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ മ്യൂസിയം സിഐ, എസ്‌ഐ അടക്കമുള്ള പോലിസുകാര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നായിരിക്കും പ്രധാനമായും അന്വേഷിക്കുക. പോലിസുകാര്‍ നല്‍കുന്ന മൊഴി അടിസ്ഥാനമാക്കിയാവും അന്വേഷണസംഘം തുടര്‍നടപടികള്‍ സ്വീകരിക്കുക. ശ്രീറാമിന്റെ രക്തപരിശോധന ഒമ്പതുമണിക്കൂര്‍ വൈകിപ്പിച്ചതിന് ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി പറയേണ്ടിവരും. തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഷീന്‍ തറയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ക്രൈംബ്രാഞ്ച് എസ്പി എ ഷാനവാസ്, സിഐമാരായ എസ് എസ് സുരേഷ് ബാബു, എ അജി ചന്ദ്രന്‍നായര്‍ എന്നിവരാണ് സംഘത്തിലുള്ളത്. 

Tags:    

Similar News