സി പി എമ്മിന് പരാജയഭീതി;പിണറായിയുടെയും കൊടിയേരിയുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കെ ബാബു

സിപിഎമ്മും ബി ജെ പിയുമായി ഡീല്‍ ഉണ്ടെന്ന ആര്‍എസ് എസ് നേതാവ് ബാലശങ്കറിന്റെ ആരോപണത്തോടാണ് സി പി എം നേതാക്കള്‍ പ്രതികരിക്കേണ്ടത്. കെ എസ് യു പ്രവര്‍ത്തകനായി പൊതു ജീവിതം തുടങ്ങിയ തന്റെ മതേതര നിലപാട് ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല.കോണ്‍ഗ്രസിനോടുള്ള തന്റെ കൂറ് ചോദ്യം ചെയ്യാന്‍ ഇന്ന് വരെ അവസരം ഉണ്ടാക്കിയിട്ടില്ല

Update: 2021-03-19 10:00 GMT

കൊച്ചി: പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് പരാജയഭീതി മൂലമാണെന്ന് തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സിപിഎമ്മും ബി ജെ പിയുമായി ഡീല്‍ ഉണ്ടെന്ന ആര്‍എസ് എസ് നേതാവ് ബാലശങ്കറിന്റെ ആരോപണത്തോടാണ് സി പി എം നേതാക്കള്‍ പ്രതികരിക്കേണ്ടത്.

കെ എസ് യു പ്രവര്‍ത്തകനായി പൊതു ജീവിതം തുടങ്ങിയ തന്റെ മതേതര നിലപാട് ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല.കോണ്‍ഗ്രസിനോടുള്ള തന്റെ കൂറ് ചോദ്യം ചെയ്യാന്‍ ഇന്ന് വരെ അവസരം ഉണ്ടാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും കെ ബാബു പറഞ്ഞു.

കഴിഞ്ഞ തവണ ബി ജെ പിയിലേക്ക് പോയ നിഷ്പക്ഷ വോട്ടുകള്‍ ഇത്തവണ യു ഡി എഫിന് ലഭിക്കും. സി പി എം അനുഭാവികള്‍ അടക്കമുള്ളവരുടെ വോട്ടുകളും തനിക്ക് ലഭിക്കാറുണ്ട്. അത്തരം വോട്ടുകള്‍ ഇത്തവണ തനിക്ക് തിരികെ ലഭിക്കും. മണ്ഡലത്തോടുള്ള അഞ്ച് വര്‍ഷത്തെ അവഗണനയ്ക്കും ശബരിമലയിലെ ആചാര ലംഘനത്തിന് കൂട്ട് നിന്ന നിലവിലെ എം എല്‍ എ യുടെ നിലപാടിനുമെതിരായ ജനവിധിയുണ്ടാകും. ബി ജെ പി അനുഭാവികള്‍ ഇത്തവണ രാഷ്ട്രീയം മറന്ന് വോട്ടു ചെയ്യും എന്നാണ് താന്‍ പറഞ്ഞത്. അത് വളച്ചൊടിച്ച് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന സി പി എം നിലപാട് ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും കെ ബാബു പറഞ്ഞു

Tags: