ബഷീറിന്റെ മരണം: ഉത്തരവാദികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല; മാധ്യമപ്രവര്‍ത്തകര്‍ക്ക് അപകടപരിരക്ഷ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരു ഇന്‍ഷുറന്‍സ് പദ്ധതി നിലവിലുണ്ട്. അത് വിപുലപ്പെടുത്തുകയും ഏതു സങ്കീര്‍ണമായ അപകടഘട്ടങ്ങളെയും തരണംചെയ്യാന്‍ പര്യാപ്തമാവും വിധത്തിലും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലും പുനക്രമീകരിക്കുകയും വേണം.

Update: 2019-08-03 14:36 GMT

തിരുവനന്തപുരം: തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തില്‍ അനുവദിക്കില്ല. അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍സാഹചര്യങ്ങളിലെ അപകടപരിരക്ഷ കുടുതല്‍ ഉറപ്പാക്കാന്‍ വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരു ഇന്‍ഷുറന്‍സ് പദ്ധതി നിലവിലുണ്ട്. അത് വിപുലപ്പെടുത്തുകയും ഏതു സങ്കീര്‍ണമായ അപകടഘട്ടങ്ങളെയും തരണംചെയ്യാന്‍ പര്യാപ്തമാവും വിധത്തിലും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലും പുനക്രമീകരിക്കുകയും വേണം. അതിനാവശ്യമായ നടപടികള്‍ അടിയന്തരപ്രാധാന്യത്തോടെ സര്‍ക്കാര്‍ സ്വീകരിക്കും. ബഷീര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ സവിശേഷമായ സാഹചര്യത്തില്‍ തൊഴിലെടുക്കുന്നവരാണ്.

ജോലിയുടെ ഭാഗമായ ഒരു യോഗത്തിനുശേഷം കൊല്ലത്തുനിന്ന് തിരിച്ചെത്തി അന്നത്തെ പത്രം അച്ചടിക്കുവേണ്ട ആശയവിനിമയം നടത്തിയതിനു തൊട്ടുപിന്നാലെയാണ് വഴിയില്‍ ബഷീറിന് ദാരുണമായ അന്ത്യമുണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രത്യേകമായ തൊഴില്‍ സാഹചര്യത്തിന്റെ ഫലമായിട്ടുകൂടിയാണ് ആ സമയത്ത് ബഷീറിന് യാത്രചെയ്യേണ്ടിവന്നതും ജീവന്‍ നഷ്ടപ്പെട്ടതും. ബഷീര്‍ മരണമടഞ്ഞത് അത്യധികം വ്യസനമുണ്ടാക്കിയ അനുഭവമാണ്. വാര്‍ത്താസമ്മേളനങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ബഷീര്‍ ആരുടെയും മനസ്സില്‍ പതിയുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ ബഷീറിന്റെ മുഖം അവസാനമായി കണ്ടപ്പോള്‍ ഒരു കുടുംബാംഗം വിടപറഞ്ഞ വികാരമാണുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.   

Tags:    

Similar News