ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടിയതിന് പിന്നില്‍ ഉന്നതരുടെ ഇടപെടല്‍: രമേശ് ചെന്നിത്തല

ഗുരുതരമായ വീഴ്ചകള്‍ പലതും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുപോലും അത് തിരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ല. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും മൂകസാക്ഷിയായി നിന്നു. ഇതെല്ലാമാണ് എളുപ്പത്തില്‍ പ്രതിക്ക് ജാമ്യംകിട്ടുന്ന അവസ്ഥയിലേക്ക് നയിച്ചത്.

Update: 2019-08-06 14:31 GMT

തിരുവനന്തപുരം: യുവമാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് എളുപ്പത്തില്‍ ജാമ്യം ലഭിച്ചത് പോലിസിന്റെ ഗുരുതരവീഴ്ചമൂലമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ കേസ് തേച്ചുമായ്ച്ചുകളയാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഉന്നതര്‍ ഇടപെട്ടുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ശ്രീറാമിന് ലഭിച്ച ജാമ്യം. തുടക്കം മുതല്‍ പോലിസ് ഈ കേസില്‍ ഒളിച്ചുകളിക്കുകയായിരുന്നു. എഫ്‌ഐആറില്‍ ഉള്‍പ്പടെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോലിസ് വീഴ്ചവരുത്തി. ഈ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടുപോലും സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമിനില്‍നിന്നും രക്തസാമ്പിളെടുക്കാന്‍ പോലിസ് തയ്യാറായില്ല. ഈ വീഴ്ചകളെല്ലാം മനപ്പൂര്‍വമാണെന്ന് ഇപ്പോള്‍ ബോധ്യമായി.

ഗുരുതരമായ വീഴ്ചകള്‍ പലതും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുപോലും അത് തിരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ല. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും മൂകസാക്ഷിയായി നിന്നു. ഇതെല്ലാമാണ് എളുപ്പത്തില്‍ പ്രതിക്ക് ജാമ്യംകിട്ടുന്ന അവസ്ഥയിലേക്ക് നയിച്ചത്. സര്‍ക്കാരിന് ഇഛാശക്തിയുണ്ടെങ്കില്‍ കേസ് അട്ടിമറിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞത് ഈ കേസില്‍ എത്ര ഉന്നതരായാലും നടപടിയെടുക്കുമെന്നാണ്. ഇനിയെങ്കിലും കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News