ഐഎസ് ബന്ധം: റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

ശ്രീലങ്കന്‍ സ്‌ഫോടന കേസിലെ മുഖ്യ ആസൂത്രകനെന്നു പറയപ്പെടുന്ന സഹ്‌റാന്‍ ഹാഷിമിന്റെ ആരാധകനാണ് റിയാസെന്ന് എന്‍ഐഎ പറയുന്നു.

Update: 2019-05-06 02:32 GMT

കാസര്‍കോട്: ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട്് റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് എന്‍ഐഎ കോടതി പരിഗണിക്കും. ശ്രീലങ്കന്‍ സ്‌ഫോടന കേസിലെ മുഖ്യ ആസൂത്രകനെന്നു പറയപ്പെടുന്ന സഹ്‌റാന്‍ ഹാഷിമിന്റെ ആരാധകനാണ് റിയാസെന്ന് എന്‍ഐഎ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

5 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് അന്വേഷണസംഘം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് റിയാസ് പിടിയിലായത്. കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകള്‍ പോയതില്‍ റിയാസിന് ബന്ധമുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പാലക്കാട് മുതലമടയില്‍ ചുള്ളിയാര്‍ ഡാമിലേക്കു പോകുന്ന വഴിയിലാണ് റിയാസ് അബൂബക്കര്‍ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നത്. ബിരുദ പഠനത്തിനു ശേഷം കോയമ്പത്തൂരും തിരുപ്പൂരും റിയാസ് ജോലി ചെയ്തിരുന്നു. കഞ്ചിക്കോട് പാറ എലപ്പുള്ളിയിലെ സ്വകാര്യ കമ്പനിയിലും കുറച്ചു നാള്‍ ഉണ്ടായിരുന്നു. റിയാസിനെക്കുറിച്ച് മോശമായി ഒന്നും ഇതുവരെ കേട്ടിട്ടില്ലെന്ന് മുതലമട പഞ്ചായത്ത് അഗം സി വിനേഷ് പറയുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അദ്ദേഹം ഒരു മലയാളം ചാനലിനോട് പ്രതികരിച്ചു.

Tags:    

Similar News