കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഷ്ടക്കാരെ നോമിനേറ്റ് ചെയ്യാനുള്ള സംഘടനയല്ല ഐഎന്‍ടിയുസി : ആര്‍ ചന്ദ്രശേഖരന്‍

പാര്‍ട്ടിയെ അവഹേളിക്കാനും അങ്കലാപ്പിലാക്കാനുമുളള ഗൂഢശ്രമമാണ് ചിലര്‍ നടത്തുന്നത്.ഒന്നോ രണ്ടോ ആളുകളുടെ ഇഷ്ടം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംഘടനയല്ല ഐഎന്‍ടിയുസി.രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്ന സംഘടനയാണ് ഐഎന്‍ടി യു സിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തൊട്ടടുത്തു എത്തിയിരിക്കെ ഐഎന്‍ടി യു സിയിലും വിഭാഗീയത ഉണ്ടെന്ന് വരുത്താനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്.ഐഎന്‍ടിയുസിയുടെ ശക്തമായ കൂട്ടായ്മയും നേതൃപരമായ പങ്കും ഇല്ലാതാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍

Update: 2020-01-21 12:53 GMT

കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഷ്ടക്കാരെ നോമിനേറ്റ് ചെയ്യാനുള്ള സംഘടനയല്ല ഐഎന്‍ടിയുസിയെന്ന് സംസ്ഥാന പ്രസിഡന്റ്് ആര്‍ ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയെ അവഹേളിക്കാനും അങ്കലാപ്പിലാക്കാനുമുളള ഗൂഢശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഐഎന്‍ടിയു സി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പേരില്‍ നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷ. ചില വ്യക്തികള്‍ ചേര്‍ന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചാല്‍ അതെങ്ങനെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ സമരമാകുമെന്നും അദ്ദേഹം ചോദിച്ചു. ഒന്നോ രണ്ടോ ആളുകളുടെ ഇഷ്ടം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംഘടനയല്ല ഐഎന്‍ടിയുസി.രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്ന സംഘടനയാണ് ഐഎന്‍ടി യു സിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തൊട്ടടുത്തു എത്തിയിരിക്കെ ഐഎന്‍ടി യു സിയിലും വിഭാഗീയത ഉണ്ടെന്ന് വരുത്താനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. ഏഴ് സമരങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കഴിഞ്ഞ മൂന്നര വര്‍ഷക്കാലം ഐഎന്‍ടിയുസി നടത്തിയത്. ജനുവരി 17 നു പ്രഖ്യാപിച്ച സമരം യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസിഡന്റും പറഞ്ഞിട്ടാണ് മാറ്റി വച്ചത്. സര്‍ക്കാരിനെതിരെ സമരം നടത്തിയില്ല എന്ന് ഇപ്പോള്‍ ആരോപിക്കുന്നവര്‍ കഴിഞ്ഞ സമരങ്ങളില്‍ പങ്കെടുത്തവരാണ്. അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ തനിക്ക് താല്‍പര്യമില്ല. കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുക എന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നവരുടെ ലക്ഷ്യം.

ഐഎന്‍ടിയുസിയുടെ ശക്തമായ കൂട്ടായ്മയും നേതൃപരമായ പങ്കും ഇല്ലാതാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍.ഇത്തവണ 493 അഫിലിയേറ്റഡ് യൂനിയനുകളാണ് ഐഎന്‍ടിയുസി തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നത്. വിമതപക്ഷം ഉന്നയിക്കുന്ന എണ്ണൂറു യൂനിയനുകളുടെ അവകാശവാദം അവരോട് താനെ ചോദിക്കണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.വിമത ശബ്ദമുയര്‍ത്തി സംഘടനയെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കുന്നവര്‍ക്കെതിരെ സംഘടനാപരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാ ഭാരവാഹികളായ വി പി ജോര്‍ജ്, എം എം അലിയാര്‍, പി ടി പോള്‍, എറണാകുളം ജില്ലാ പ്രസിഡന്റ്് കെ കെ ഇബ്രാഹിംകുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News