കൊവിഡ് രോഗിയെന്ന് സ്വയം പരിചയപ്പെടുത്തി, വിവരം ചോര്‍ന്നെന്ന് നുണപ്രചരണം; കാസര്‍ഗോഡ് സ്വദേശിക്കെതിരേ കേസ്

കൊവിഡ് രോഗത്തില്‍നിന്ന് മുക്തനാണെന്നും തന്നെയും തന്റെ കൂടെ ചികില്‍സയിലുണ്ടായിരുന്ന 10 പേരെയും വിവരശേഖരണത്തിന് ഫോണിലൂടെ ബന്ധപ്പെട്ടെന്ന് വ്യാജപ്രചരണം നടത്തുകയുമായിരുന്നു.

Update: 2020-04-30 14:01 GMT

തിരുവനന്തപുരം: കൊവിഡ് രോഗിയുടെ വിവരം ചോര്‍ന്ന വ്യാജപ്രചരണം നടത്തിയ ആള്‍ക്കെതിരേ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് പള്ളിക്കര സ്വദേശി ഇമാദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് രോഗിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ നുണപ്രചരണം നടത്തിയത്. എന്നാല്‍, പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

കൊവിഡ് രോഗത്തില്‍നിന്ന് മുക്തനാണെന്നും തന്നെയും തന്റെ കൂടെ ചികില്‍സയിലുണ്ടായിരുന്ന 10 പേരെയും വിവരശേഖരണത്തിന് ഫോണിലൂടെ ബന്ധപ്പെട്ടെന്ന് വ്യാജപ്രചരണം നടത്തുകയുമായിരുന്നു. വിവരം ചോര്‍ന്നതിനെതിരേ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, കാസര്‍ഗോഡ് ജില്ലയില്‍ ഇമാദ് എന്ന പേരില്‍ ആരും ചികില്‍സയിലുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചികില്‍സയിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന് വ്യക്തമാക്കി പ്രതിഷേധത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ഇയാളായിരുന്നു. കൊവിഡ് കേസുകള്‍ പോസിറ്റീവ് ആകുന്നത് തട്ടിപ്പാണെന്ന് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചത് കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശിയായ അജ്‌നാസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

Tags:    

Similar News