കേരളത്തില്‍ റിവേഴ്സ് ക്വാറന്റൈന്‍ വേണ്ടത് 42.49 ലക്ഷം വയോധികര്‍ക്ക്

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉളളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച് കൊണ്ട് പ്രായമായവരില്‍ നിന്ന് കൊറോണ വൈറസിനെ തടയുന്നതിനായിട്ടാണ് റിവേഴ്സ് ക്വാറന്റൈന്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

Update: 2020-05-12 08:00 GMT

തിരുവനന്തപുരം: കൊവിഡിന്റെ സാമൂഹവ്യാപന സാധ്യത ചെറുക്കാന്‍ റിവേഴ്സ് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 42.49 ലക്ഷം വയോധികരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചു. മുതിര്‍ന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് റിവേഴ്സ് ക്വാറന്റൈന്‍ സംവിധാനം ആരംഭിക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉളളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച് കൊണ്ട് പ്രായമായവരില്‍ നിന്ന് കൊറോണ വൈറസിനെ തടയുന്നതിനായിട്ടാണ് റിവേഴ്സ് ക്വാറന്റൈന്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രായമായവരില്‍ രോഗസാധ്യതയുള്ളവരെ കണ്ടെത്തി നിരീക്ഷണമേര്‍പ്പടുത്തുന്നതിന് അംഗന്‍വാടി വര്‍ക്കര്‍മാരെ വിന്യസിച്ചായിരുന്നു ഈ സര്‍വേ. ലോക്ഡൗണിനുശേഷം രോഗവ്യാപന സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയലാണ് റിവേഴ്സ് ക്വാറന്റീന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായമായവര്‍, രോഗികള്‍, കുഞ്ഞുങ്ങള്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ പെടുക. 49 ലക്ഷം വയോധികരില്‍ 59 ശതമാനവും ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരാണ്. 10 ശതമാനം ഹൃദ്രോഗം, വൃക്കസംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണ്. ഇവരില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് ലോക്ഡൗണിലും ചികിത്സ ലഭ്യമായത്. 17 ശതമാനം രണ്ടാഴ്ചക്കുശേഷം മരുന്ന് ലഭ്യമാകുമോ എന്ന് ഉറപ്പില്ലാത്തവരുമാണന്നാണ് സര്‍വേയില്‍ ലഭിച്ച വിവരം. റിവേഴ്സ് ക്വാറന്റൈന്‍ ആവശ്യമുള്ള വയോധികരുടെ എണ്ണത്തില്‍ തൃശ്ശൂരാണ് മുന്നില്‍ (4,70,081 ) കുറവ് വയനാട് (81,646).

ഇവരുടെ വിവരങ്ങള്‍ പഞ്ചായത്തുകള്‍ക്ക് കൈമാറുകയും മരുന്ന് ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.. ഭക്ഷണം കിട്ടാന്‍ പ്രയാസം നേരിടുന്ന അഞ്ച് ശതമാനത്തിന്റെ വിവരങ്ങള്‍ സമൂഹ അടുക്കളകള്‍ക്ക് കൈമാറി. ലോക്ഡൗണ്‍ കാലത്തെ മാനസിക ശാരീരിക പ്രശ്നങ്ങള്‍ അകറ്റാന്‍ മൂന്ന് ശതമാനം പേര്‍ക്ക് കൗണ്‍സലിങ് ആവശ്യമുണ്ടെന്ന് കണ്ടെത്തി. സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാദേശികമായി റിവേഴ്സ് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുക.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് ആരോഗ്യ വകുപ്പ്. 60 വയസിന് മുകളിലുളള മുതിര്‍ന്ന ആളുകള്‍ , അനിയന്ത്രിതമായ പ്രമേഹ രോഗമുളളവര്‍, അനിയന്ത്രിതമായ രക്താതിസമ്മര്‍ദ്ദമുളളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞ എല്ലാ പ്രായത്തിലുമുളളവര്‍, രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്ന എല്ലാ പ്രായത്തിലും ഉള്ളവര്‍, അടുത്തിടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, ഗര്‍ഭിണികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുളള എല്ലാ പ്രായത്തിലുമുളളവര്‍ തുടങ്ങിയവര്‍ക്കാണ് റിവേഴ്സ് ക്വാറന്റൈന്‍ നടപ്പിലാക്കുന്നത്.

Tags:    

Similar News