കെഎഎസ്: സ്‌പെഷ്യല്‍ റൂള്‍സ് ഭേദഗതി ഉടന്‍ നടപ്പാക്കണം- പോപുലര്‍ ഫ്രണ്ട്

അതേസമയം, കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കു വിവേചനാധികാരം ഉണ്ടായിരിക്കേ, ഇത് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.

Update: 2019-01-22 15:28 GMT

-സാമ്പത്തിക സംവരണം നടപ്പാക്കരുത്

കോഴിക്കോട്: കെഎഎസിന്റെ മുഴുവന്‍ സ്ട്രീമുകളിലും പിന്നാക്ക സമുദായ സംവരണം നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ്. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിന്നാക്ക വിഭാഗങ്ങളെ അനുനയിപ്പിക്കാനുള്ള തന്ത്രമായി അവശേഷിക്കാതെ, അടിയന്തര പ്രധാന്യത്തോടെ ഇതുസംബന്ധിച്ച സ്‌പെഷ്യല്‍ റൂള്‍സ് ഭേദഗതി ചെയ്യണം.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കു വിവേചനാധികാരം ഉണ്ടായിരിക്കേ, ഇത് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.

കെഎഎസിലെ സംവരണ നിഷേധവും പാര്‍ലമെന്റില്‍ മുന്നാക്ക സംവരണത്തിന് അനുകൂല നിലപാടെടുത്തതും ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടതോടെയാണ് കെഎഎസ് സംബന്ധിച്ച തീരുമാനം പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. നിയമസെക്രട്ടറി റിപോര്‍ട്ട് നല്‍കിയിട്ടും എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സ്ട്രീമുകളിലും സംവരണം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കെഎഎസ് വിഷയത്തില്‍ പിന്നാക്ക സംഘടനകള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടും നിലപാടില്‍ ഉറച്ചുനിന്ന സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പാക്കേണ്ട സാഹചര്യം ഉണ്ടായതോടെയാണ് മാറ്റത്തിന് തയ്യാറായത്. മുന്നാക്ക സമുദായങ്ങളെ പിണക്കി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് ഇടതുപക്ഷം ഇതിലൂടെ നല്‍കുന്നത്. പിന്നാക്കക്കാരന്റെ താല്‍പ്പര്യസംരക്ഷണത്തേക്കാള്‍ സംവരണ വിഷയത്തിലുള്ള ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറിമാരായ എ അബ്ദുല്‍ സത്താര്‍, പി കെ അബ്ദുല്‍ ലത്തീഫ്, സി അബ്ദുല്‍ ഹമീദ്, ബി നൗഷാദ് പങ്കെടുത്തു. 

Tags: