ആശുപത്രികള്‍ക്കെതിരായ ആക്രമണം: നടപടിയില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി സമരമെന്ന് ഐഎംഎ

നിരന്തരമായി ഡോക്ടര്‍മാര്‍ അക്രമിയ്ക്കപ്പെടുകയും പോലിസ് അക്രമികളെ സംരക്ഷിയ്ക്കുന്ന നിലപാട് തുടരുകയാണ്. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ഉണ്ടായ അക്രമസംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ഇന്ന് മുതല്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രികളിലും നാളെ മലപ്പുറം ജില്ലയിലും ബുധാനാഴ്ച്ചയോടെ സംസ്ഥാന വ്യാപകമായും പണിമുടക്ക് സമരത്തിനാണ് ഐഎംഎ തീരുമാനിച്ചിരിയ്ക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി

Update: 2022-02-14 06:31 GMT

കൊച്ചി :ആരോഗ്യമേഖലയെ സുരക്ഷിതമേഖലയാക്കിമാറ്റുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍(ഐഎംഎ). ആരോഗ്യ മേഖലയെ സുരക്ഷിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിരന്തരമായി ഡോക്ടര്‍മാര്‍ അക്രമിയ്ക്കപ്പെടുകയും പോലിസ് അക്രമികളെ സംരക്ഷിയ്ക്കുന്ന നിലപാട് തുടരുകയാണ്.

പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ഉണ്ടായ അക്രമസംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ഇന്ന് മുതല്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രികളിലും നാളെ മലപ്പുറം ജില്ലയിലും ബുധാനാഴ്ച്ചയോടെ സംസ്ഥാന വ്യാപകമായും പണിമുടക്ക് സമരത്തിനാണ് ഐഎംഎ തീരുമാനിച്ചിരിയ്ക്കുന്നതെന്നും ഡോ.സാമുവല്‍ കോശി വ്യക്തമാക്കി.തുടര്‍ച്ചയായി അക്രമത്തിന് ഇരയാകുന്ന ഡോക്ടര്‍മാര്‍ക്ക് നീതി നിഷേധിയ്ക്കപ്പെടുകയാണെന്നും സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു.

തൊഴിലടത്തിലെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. മറ്റേതെങ്കിലും മേഖലയിലെ ജീവനക്കാര്‍ ഇത്തരത്തില്‍ അക്രമണത്തിന് ഇരയാകുന്നില്ല. പോലിസ് സംവിധാനം നിഷ്‌ക്രിയമാണ്. പലപ്പോഴും ഐഎംഎയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് പോലിസ് പ്രതികളെ അറസ്റ്റ് ചെയ്താല്‍തന്നെ തുടര്‍ നടപടി ഉണ്ടാകുന്നില്ല. മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവരോട് നിരന്തരം പരാതിപ്പെട്ടിട്ടും നാള്‍ക്കുനാള്‍ ആശുപത്രികളും, ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരും അക്രമണത്തിന് ഇരയാകുന്നു. തുടര്‍ച്ചയായി ഡോക്ടര്‍മാര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്.

ഇനിയും ഇത് തുടര്‍ന്നാല്‍ ഐഎംഎയുടെ നേതൃത്വത്തില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അറിയിച്ചു. കൊച്ചി ഐഎംഎയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ജോസഫ് ബന്‍വര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രാഹം വര്‍ഗീസ്, മുന്‍ വൈസ് പ്രസിഡന്റ് ഡോ. എന്‍ ദിനേശ്, കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ്, സെക്രട്ടറി ഡോ.അനിത തിലകന്‍, ട്രഷറര്‍ ഡോ.ജോര്‍ജ് തുകലന്‍, സംസ്ഥാന ആക്ഷന്‍ ഫോഴ്‌സ് കമ്മറ്റി പ്രസിഡന്റ് ഡോ. എം.എന്‍ മേനോന്‍, കൊച്ചി ഐ.എം.എ മുന്‍ പ്രസിഡന്റ് മാരായ ഡോ. ടി.വി.രവി, ഡോ. എം.ഐ.ജുനൈദ് റഹ്മാന്‍ എന്നിവരും പങ്കെടുത്തു.

Tags:    

Similar News