ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം: ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ഐഎംഎ

മാവേലിക്കരയിലും കോതമംഗലത്തുമൊക്കെയുണ്ടായ സംഭവങ്ങള്‍ അറിയാത്തവരാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഭരിക്കുന്നതെന്ന് പറയുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.ഇനിയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരത്തില്‍ അതിക്രമം ഉണ്ടായാല്‍ കടുത്ത നടപടികളിലേക്ക് തങ്ങള്‍ക്ക് പോകേണ്ടിവരും. അതുണ്ടാകാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്യണമെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു

Update: 2021-08-13 06:01 GMT

കൊച്ചി: ഡോക്ടര്‍മാര്‍ക്കെതിരായി അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ).ഇത്തരത്തിലുളള പ്രസ്താവനകള്‍ ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.അടുത്തിടെ മാവേലിക്കരയിലും പുക്കാട്ടുപടിയിലുമൊക്കെയുണ്ടായ സംഭവങ്ങള്‍ അറിയാത്തവരാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഭരിക്കുന്നതെന്ന് പറയുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.മാവേലിക്കരയില്‍ സംഭവമുണ്ടായപ്പോള്‍ പണിമുടക്കി പ്രതിഷേധിക്കേണ്ടതായിരുന്നു.ഇനിയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരത്തില്‍ അതിക്രമം ഉണ്ടായാല്‍ കടുത്ത നടപടികളിലേക്ക് തങ്ങള്‍ക്ക് പോകേണ്ടിവരും. അതുണ്ടാകാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്യണമെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന പ്രതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്യാന്‍ നിയമം നിലനില്‍ക്കുന്ന സംസ്ഥാനത്ത് പ്രതികളെ തിരിച്ചറിഞ്ഞ് അവര്‍ കണ്‍മുന്നിലുണ്ടായിട്ടും അറസ്റ്റു ചെയ്യാതിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.മാവേലിക്കരയില്‍ പ്രതിക്ക് ജാമ്യം ലഭിക്കുന്ന അവസ്ഥയുണ്ടാക്കി നല്‍കിയതിനു ശേഷമാണ് അറസ്റ്റു ചെയ്തത്.പുക്കാട്ടുപടിയില്‍ സംഭവുണ്ടായിട്ട് 10 ദിവസം കഴിഞ്ഞു. പ്രതി കണ്‍മുന്നിലുണ്ടായിട്ടും ഇതുവരെ പിടികൂടിയിട്ടില്ല.ആശുപത്രിയില്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടായില്ലെങ്കില്‍ ധൈര്യത്തോടെ എങ്ങനെ ജോലി ചെയ്യുമെന്നും ഐഎംഎ ഭാരവാഹികള്‍ ചോദിച്ചു.

Tags:    

Similar News