അനധികൃത മദ്യക്കടത്ത്; യുവാവ് അറസ്റ്റില്‍

Update: 2020-10-11 07:52 GMT

കണ്ണൂര്‍: അനധികൃതമായി മദ്യം കടത്താന്‍ ശ്രമിച്ച യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.ആനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ കാലാങ്കിയില്‍ നടത്തിയ റെയിഡിലാണ് മാട്ടറ കാലാങ്കി സ്വദേശി മച്ചിനി വീട്ടില്‍ ഗോപി മകന്‍ എം.ജി.അരുണ്‍ (23) എന്ന യുവാവിനെ അറസ്റ്റു ചെയ്തത്.

ഈ പ്രദേശങ്ങളില്‍ ഇയാളുടെ നേതൃത്വത്തില്‍ അനധികൃത മദ്യ വില്‍പ്പന സജീവമാണ് എന്ന്ഉത്തരമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ ടി കെ വിനോദന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ പി വി വല്‍സന്‍,ഉത്തരമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം കെ.ബിനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നെല്‍സണ്‍ തോമസ്, ടി.സനലേഷ്,ബെന്‍ഹര്‍ കോട്ടത്തുവളപ്പില്‍ എന്നിവരും ഉണ്ടായിരുന്നു.ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഈ മേഘലയിലെ മറ്റു അനധികൃത മദ്യലോബികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.

മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അനധികൃത മദ്യവില്‍പ്പനക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

Tags: