അനധികൃതമായി മദ്യവില്‍പന; 25 കുപ്പി വിദേശമദ്യവുമായി 3 യുവാക്കള്‍ പിടിയില്‍

ചളിക്കവട്ടം വലിയ പറമ്പില്‍ വീട്ടില്‍ ഗോഡ് വിന്‍ ഗ്ലാന്‍സി(25), തമ്മനം കണ്ണോകര വീട്ടില്‍ ജിനോയ് (25), വെണ്ണല ഹാരിസ് കോട്ടേജില്‍ ഹാഫിസ് (24) എന്നിവരാണ് ചളിക്കവട്ടം ഭാഗത്തു വച്ച് നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജ്, ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, എസ് ഐ സേവ്യര്‍ , പാലാരിവട്ടം. ഡാന്‍സാഫിലെ പോലിസ് എന്നിവരടങ്ങുന്ന സംഘത്തിന്റെ പിടിയിലായത്

Update: 2020-05-16 14:23 GMT

കൊച്ചി: വില്‍പനയ്ക്കായി കൊണ്ടുവന്ന 25 കുപ്പി വിദേശമദ്യവുമായി എറണാകുളം സ്വദേശികളായ 3 യുവാക്കള്‍ പോലിസ് പിടിയിലായി.ചളിക്കവട്ടം വലിയ പറമ്പില്‍ വീട്ടില്‍ ഗോഡ് വിന്‍ ഗ്ലാന്‍സി(25), തമ്മനം കണ്ണോകര വീട്ടില്‍ ജിനോയ് (25), വെണ്ണല ഹാരിസ് കോട്ടേജില്‍ ഹാഫിസ് (24) എന്നിവരാണ് ചളിക്കവട്ടം ഭാഗത്തു വച്ച് നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജ്, ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, എസ് ഐ സേവ്യര്‍ , പാലാരിവട്ടം. ഡാന്‍സാഫിലെ പോലിസ് എന്നിവരടങ്ങുന്ന സംഘത്തിന്റെ പിടിയിലായത്. കാറിലെത്തിയ സംഘത്തെ പിടികൂടുമ്പോള്‍ കാറിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്.മുന്തിയ ഇനത്തില്‍ പെട്ട മദ്യമാണ് പിടിച്ചത്.


ലോക്ക് ഡൗണിനോടനുബന്ധിച്ച് മദ്യക്ഷാമം നേരിട്ടതോടെ പ്രതികള്‍ ഉയര്‍ന്ന വിലയ്ക്ക് മദ്യം ആവശ്യക്കാര്‍ക്ക് കാറില്‍ എത്തിച്ച് നല്‍കി വരികയായിരുന്നു. കൊച്ചി സിറ്റി കമ്മീഷണര്‍ വിജയ് സാഖറെക്ക്് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലിയുടെ നിര്‍ദ്ദേശാനുസരണമായിരുന്നു പോലിസ് നടപടി.മദ്യം,മയക്കുമരുന്ന് അടക്കം മാരകമായ ലഹരി വസ്തുക്കള്‍ കൊച്ചി നഗരത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യുന്നതിന് കര്‍ശനമായ നടപടികളുമായാണ് സിറ്റി പോലിസ് മുന്നോട്ടു പോകുന്നത്.യുവാക്കളുടെയും, വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന ഇത്തരം മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കണമെന്നും വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു. 

Tags: