ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്; റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കേസില്‍ വിശദീകരണം ബോധിപ്പിക്കാന്‍ അന്വേഷണ സംഘത്തിനു കോടതി നിര്‍ദ്ദേശം നല്‍കി. തമിഴ്നാട്ടില്‍ അനധികൃതമായി വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടു രേഖകള്‍ പരിശോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിശദീകരണം ബോധിപ്പിക്കണമെന്നു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തമിഴ്‌നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങിയതിന് എതിരെ റജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്

Update: 2020-05-29 15:18 GMT

കൊച്ചി: ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി. കേസില്‍ വിശദീകരണം ബോധിപ്പിക്കാന്‍ അന്വേഷണ സംഘത്തിനു കോടതി നിര്‍ദ്ദേശം നല്‍കി. തമിഴ്നാട്ടില്‍ അനധികൃതമായി വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടു രേഖകള്‍ പരിശോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിശദീകരണം ബോധിപ്പിക്കണമെന്നു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തമിഴ്‌നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങിയതിന് എതിരെ റജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെ തനിക്കെതിരായ വിജിലന്‍സ് അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.

എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചത്്. ജേക്കബ് തോമസിന്റെ പേരിലാണ് രാജപാളയത്തെ ഭൂമി റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജേക്കബ് തോമസിനെതിരേ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ബിനാമി പേരില്‍ തമിഴ്നാട്ടില്‍ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ചിനു നിര്‍ദ്ദേശം നല്‍കിയത്.ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ബിനാമി പേരില്‍ തമിഴ്നാട്ടിലടക്കം ഏക്കറുകണക്കിനു ഭൂമി കൈക്കലാക്കിയെന്ന കണ്ണൂര്‍ സ്വദേശി സത്യന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി. 

Tags:    

Similar News