ഐഎഫ്എഫ്‌കെ: രണ്ടു പതിറ്റാണ്ടിനു ശേഷവും ചലച്ചിത്രമേളയുടെ 'റീല്‍' ഗോപിയുടെ കൈയില്‍ ഭദ്രം

സിനിമകളും പ്രദര്‍ശന സാങ്കേതികകളും അടിമുടി മാറിയെങ്കിലും ഗോപിച്ചേട്ടന് മാറ്റമൊന്നുമില്ല. ചലച്ചിത്രമേളയെ നെഞ്ചേറ്റി പ്രദര്‍ശന തിരക്കുകളില്‍ മുഴുകുകയാണ് എറണാകുളം സരിത തീയറ്ററിന്റെ പ്രൊജക്ടര്‍ ഓപറേറ്റര്‍ഗോപി

Update: 2021-02-19 12:59 GMT

കൊച്ചി: രാജ്യാന്തര ചലച്ചിത്രമേള രണ്ടു പതിറ്റാണ്ടിനു ശേഷം കൊച്ചിയെ തേടി വരുമ്പോള്‍ അന്നത്തെയും പോലെ ഇന്നും സിനിമയെ സ്വീകരിക്കാന്‍ ഇരുകൈയും നീട്ടി ഒരാളുണ്ട്. സരിത തീയറ്ററിന്റെ പ്രൊജക്ടര്‍ ഓപറേറ്റര്‍ ഗോപിച്ചേട്ടന്‍. സിനിമകളും പ്രദര്‍ശന സാങ്കേതികകളും അടിമുടി മാറിയെങ്കിലും ഗോപിച്ചേട്ടന് മാറ്റമൊന്നുമില്ല. ചലച്ചിത്രമേളയെ നെഞ്ചേറ്റി പ്രദര്‍ശന തിരക്കുകളില്‍ മുഴുകുകയാണ് ഗോപി.

വൈക്കം ചെമ്മണ്ടുകരയില്‍ സ്വദേശിയായ ഗോപാലകൃഷ്ണന്‍ നായര്‍ 1974 മുതല്‍ സിനിമാ ഓപ്പറേറ്ററാണ്. 27 വര്‍ഷമായി സരിത തീയറ്ററില്‍ ജോലി തുടങ്ങിയിട്ട്. പത്താം ക്ലാസുകാരനായ ഗോപിക്ക് സിനിമാ ഓപറേഷന്‍ ജീവിതമാര്‍ഗമാണ്. വൈക്കത്തു വാടകക്കു തീയറ്റര്‍ നടത്തിയിരുന്നു. നഷ്ടത്തിലായപ്പോള്‍ അതു പൂട്ടി കൊച്ചിയിലെത്തി. ഇവിടെയെത്തുമ്പോള്‍ സരിത സവിത സംഗീത തീയറ്ററുകള്‍ ആരംഭിച്ചിട്ട് അഞ്ചു വര്‍ഷം ആകുന്നതേയുള്ളൂ. സരിതയില്‍ ജോലിക്കു കയറി. ഊണും ഉറക്കവും എല്ലാം തീയറ്ററില്‍ തന്നെ.

സിനിമാ പ്രദര്‍ശനം ഇപ്പോള്‍ എത്ര എളുപ്പമാണെന്ന് സിനിമയുടെ ഡിജിറ്റല്‍ ടെക്‌നോളജിയും കൈയടക്കം ചെയ്ത ഗോപി പറയുന്നു. അന്ന് ചലചിത്രമേളക്ക് ഫിലിമിന്റെ റീലുകള്‍ കറക്കി ആയിരുന്നു പ്രദര്‍ശനം. ഇത് സെറ്റ് ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും സമയം ഒരു പാട് വേണം. മാത്രമല്ല കാര്‍ബണ്‍ കത്തിച്ച് വെളിച്ചമടിച്ചിരുന്ന രീതിയായിരുന്നു. ഇതിന്റെ മണം ശ്വസിച്ച് മണിക്കൂറുകള്‍ ഇരിക്കണം. ഇന്നതെല്ലാം മാറി. സിനിമ കംപ്യൂട്ടറില്‍ സേവ് ചെയ്ത് ഇട്ടാല്‍ മതി. ടെക്‌നോളജിയില്‍ വന്ന മാറ്റം തൊഴിലിനും ആരോഗ്യത്തിനും ഗുണം തന്നെയാണെന്ന് ഗോപി പറയുന്നു.

അന്നത്തെ ചലച്ചിത്ര മേളയില്‍ പെട്ടികളിലാണ് ഫിലിം കൊണ്ടുവരുന്നത്. വിശ്രമിക്കാന്‍ സമയമില്ലായിരുന്നു. സിനിമാ താരങ്ങളും സിനിമകള്‍ കാണാന്‍ എത്തുമായിരുന്നു. എന്നാല്‍ ഇന്ന് കൊവിഡ് പടര്‍ന്നു പിടിച്ചതാണ് തിരക്ക് കുറയാന്‍ കാരണമായതെന്നും ഗോപി പറയുന്നു.അല്ലെങ്കില്‍ ഇതായിരിക്കില്ല തിരക്ക്. നില്‍ക്കാന്‍ ഇടമുണ്ടാകില്ല. പക്ഷേ ഇത്തവണ യുവാക്കളുടെ സാന്നിധ്യം കൂടുതലുണ്ട്. അത് പ്രതീക്ഷയാണെന്നും ഗോപി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News