മുനമ്പം മനുഷ്യക്കടത്ത്: പോലിസ് രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടി

നയതന്ത്ര ഇടപെടലിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴിയാണ് പോലിസ് രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. ഐബി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ആസ്‌ത്രേലിയ, ന്യൂസിലാന്റ് അടക്കമുള്ള വിദേശരാജ്യങ്ങളുമായും ആശയവിനിമയം നടത്തി.

Update: 2019-01-21 03:31 GMT

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേരളാ പോലിസ് രാജ്യാന്ത ഏജന്‍സികളുടെ സഹായം തേടി. തീരം വിട്ടവര്‍ ആസ്‌ത്രേലിയയിലേക്ക് തന്നെയാണോ പോയതെന്ന് വ്യക്തതവരുത്താനാണിത്. നയതന്ത്ര ഇടപെടലിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴിയാണ് പോലിസ് രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. ഐബി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ആസ്‌ത്രേലിയ, ന്യൂസിലാന്റ് അടക്കമുള്ള വിദേശരാജ്യങ്ങളുമായും ആശയവിനിമയം നടത്തി.

ബോട്ടില്‍ പോയ സംഘം അവിടെ എത്തിയോ, ക്രിസ്മസ് ഐലന്റില്‍ തന്നെയാണോ എത്തുക എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണിത്. അവര്‍ അവിടെ എത്തി എന്നുറപ്പിച്ചാല്‍ മാത്രമേ പോലിസിന് കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവ് ലഭിക്കുകയുള്ളൂ. പോലിസ് കസ്റ്റഡിയിലെടുത്ത ദീപക് എന്ന പ്രഭുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണെങ്കിലും ഇയാളില്‍നിന്നും പ്രധാന പ്രതികളിലേക്കെത്താന്‍ സഹായിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് സൂചന. മുനമ്പത്തുനിന്ന് ഇരുനൂറോളം പേര്‍ ന്യൂസിലാന്റിലേക്ക് പോയതായാണ് കസ്റ്റഡിയിലുള്ള പ്രഭു പോലിസിന് മൊഴി നല്‍കിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ നാനൂറോളം ആളുകള്‍ തീരം വിടാന്‍ ശ്രമം നടത്തിയതായും ഇയാള്‍ വെളിപ്പെടുത്തി. വിദേശത്തേക്ക് കടന്നവര്‍ ശ്രീലങ്കന്‍ തമിഴ് വംശജരാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

എന്നാല്‍, ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കൃത്യമായ വിവരശേഖരണത്തിന് കഴിഞ്ഞിട്ടില്ല. വിദേശബന്ധം സംശയിക്കുന്ന കേസായതിനാല്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ സംസ്ഥാന പോലിസ് കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ട്. സംഭവത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബോട്ടുടമ ശ്രീകാന്തനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തില്‍ ഇയാള്‍ വിദേശരാജ്യങ്ങളിലുള്ളവരുമായി പണമിടപാട് നടത്തിയതിന്റെ രേഖകളടക്കം കണ്ടെടുത്തിട്ടുണ്ട്.

ശ്രീകാന്തന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത രണ്ട് സിസിടിവി കാമറകളില്‍ പതിഞ്ഞ വാഹനങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. അതേസമയം, മുനമ്പം തീരത്തുനിന്നും സ്തീകളും കുട്ടികളുമടക്കം 230 പേരുമായി ന്യൂസിലന്‍ഡിലേക്ക് പുറപ്പെട്ട സംഘം ഇന്തോനീസ്യന്‍ തീരത്തേക്ക് നീങ്ങുന്നതായും പോലിസിന് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബോട്ടില്‍ കരുതിയിട്ടുള്ള ഭക്ഷ്യവസ്തുക്കളും ഇന്ധനശേഖരവും തീര്‍ന്നുതുടങ്ങിയതാണ് ഇതിന് കാരണമാണെന്ന് പോലിസ് കരുതുന്നു.

Tags: