മുന്‍ പോലിസ് ഉദ്യോഗസ്ഥന്റെ പല്ലടിച്ചുകൊഴിച്ച സംഭവം; ഡിഐജി അന്വേഷിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

ഹരിപ്പാട് പിലാപ്പുഴ മുറി സ്വദേശി ബഷീറുദ്ദീന്‍ ലബ്ബയുടെ പരാതിയിലാണ് നടപടി.

Update: 2022-03-31 13:17 GMT

ആലപ്പുഴ: 75വയസ്സുകാരനായ മുന്‍ പോലിസുദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കാന്‍സര്‍ രോഗബാധിതനായ മുന്‍ പോലിസുദ്യോഗസ്ഥനെ കരുനാഗപ്പള്ളി പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് വച്ച് ചിലര്‍ സംഘം ചേര്‍ന്ന് പല്ല് അടിച്ചു തെറിപ്പിക്കുകയും ഇടത് വാരിയെല്ല് ചവിട്ടി ഒടിക്കുകയും ചെയ്തിട്ടും അക്രമം നടത്തിയവരെ രക്ഷിക്കാന്‍ പോലിസ് ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.

ഡിഐജി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷണം നടത്തി സ്വീകരിച്ച നടപടികള്‍ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ മുറി സ്വദേശി ബഷീറുദ്ദീന്‍ ലബ്ബയുടെ പരാതിയിലാണ് നടപടി.

പരാതിക്കാരന്റെ മകനെ ആക്രമിച്ച കേസില്‍ വസ്തുതകള്‍ അന്വേഷിക്കാനാണ് ബഷീറുദ്ദീന്‍ കരുനാഗപ്പള്ളി പോലിസ് സ്‌റ്റേഷനിലെത്തിയത്. സ്‌റ്റേഷന് സമീപത്തെത്തിയപ്പോള്‍ മകനെ ആക്രമിച്ചവര്‍ പരാതിക്കാരന്റെ നേരെ ചാടി വീണ് രണ്ട് പല്ലുകള്‍ അടിച്ച് ഇളക്കുകയും വാരിയെല്ലില്‍ ചവിട്ടുകയും ചെയ്തു, ഇത് സംബന്ധിച്ച ചികിത്സാ രേഖകള്‍ പരാതിക്കാരന്‍ ഹാജരാക്കി.

കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പരാതിക്കാരനെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് കമ്മീഷനില്‍ സമര്‍പ്പിച്ചത്. പരാതിക്കാരന്റെ വാരിയെല്ലില്‍ ചവിട്ടിയതിനോ പല്ല് ഇടിച്ച് തെറിപ്പിച്ചതിനോ എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. 2021 സെപ്റ്റംബര്‍ 18ന് രാത്രി 7.50നും 8.30തിനുമിടക്കുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണറെ കമ്മീഷന്‍ താക്കീത് ചെയ്തു.

വ്യക്തമായ അന്വേഷണം നടത്താതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ ജാഗ്രതയോടെ വേണം സമര്‍പ്പിക്കേണ്ടതെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് നടന്ന സംഭവമായിട്ടും സിസിടിവി ദൃശ്യം പരിശോധിക്കാതെ ലാഘവ ബുദ്ധിയോടെ പരാതി കൈകാര്യം ചെയ്ത സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെയും കമ്മീഷന്‍ വിമര്‍ശിച്ചു. പോലിസുകാര്‍ പ്രതികളെ സഹായിക്കാനുള്ള ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന നിഗമനത്തിലാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.

Tags:    

Similar News