ഭവന പദ്ധതി അട്ടിമറി: പട്ടികവിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളി- എസ് ഡിപിഐ

പട്ടികജാതി വിഭാഗത്തിന് 20- 21 ല്‍ 300 കോടി വകയിരുത്തിയതില്‍ 100 കോടി (33.33%) മാത്രമാണ് നാളിതുവരെ ചെലവഴിച്ചിരിക്കുന്നത്.

Update: 2020-10-15 09:50 GMT

തിരുവനന്തപുരം: പട്ടികവിഭാഗങ്ങളുടെ ഭവന പദ്ധതി അട്ടിമറിച്ച സര്‍ക്കാര്‍ നടപടി അടിസ്ഥാന ജനതയോടുള്ള വെല്ലുവിളിയാണെന്ന് എസ് ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മാഈല്‍. 2019-20 ല്‍ പട്ടികജാതി വിഭാഗത്തിന് വകയിരുത്തിയ 400 കോടിയിലും പട്ടികവര്‍ഗ വിഭാഗത്തിന് വകയിരുത്തിയ 102 കോടിയിലും ഒരുരൂപ പോലും ചെലവഴിച്ചില്ലെന്നത് സര്‍ക്കാരിന്റെ തികഞ്ഞ അവഗണനയാണ്. പട്ടികജാതി വിഭാഗത്തിന് 20- 21 ല്‍ 300 കോടി വകയിരുത്തിയതില്‍ 100 കോടി (33.33%) മാത്രമാണ് നാളിതുവരെ ചെലവഴിച്ചിരിക്കുന്നത്.

2020- 21 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് നീക്കിവച്ച 140 കോടി രൂപയില്‍ ഇതുവരെ ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ല. പട്ടികജാതി, വര്‍ഗ വകുപ്പ് വഴി നല്‍കി വന്നിരുന്ന ഭവനനിര്‍മാണത്തിനുള്ള തുക ലൈഫ് മിഷനിലൂടെ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഈ വിഭാഗങ്ങളുടെ ഭവനനിര്‍മാണ പദ്ധതി അട്ടിമറിക്കപ്പെടുകയായിരുന്നു.

ലൈഫ് മിഷനിലൂടെ ഫ്ളാറ്റുകള്‍ നല്‍കി നവീന കോളനിവല്‍ക്കരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോളനിവല്‍ക്കരണത്തിന്റെ ദുരിതങ്ങള്‍ പേറുന്ന ജനതയെ വീണ്ടും പുതിയ കോളനിയിലേക്ക് തള്ളിവിട്ട് ആജ്ഞാനുവര്‍ത്തികളും രാഷ്ട്രീയ അടിമകളുമാക്കാനുള്ള തന്ത്രം ജനങ്ങള്‍ തിരിച്ചറിയണം. പട്ടികവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ വാരിക്കോരി നല്‍കുന്നെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ബജറ്റില്‍ കോടികള്‍ പ്രഖ്യാപിക്കുകയും പിന്നീട് അവരെ വഞ്ചിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ പ്രശ്നങ്ങളില്‍ അത്യന്തം ഉല്‍ക്കണ്ഠ കാണിക്കുന്ന ഇടതു സര്‍ക്കാരിന്റെ പട്ടിക വിഭാഗങ്ങളോടുള്ള അവഗണന തിരിച്ചറിയാതെ പോവുകയാണ്. പട്ടികവിഭാഗങ്ങള്‍ക്ക് വകയിരുത്തിയ തുക പൂര്‍ണമായും അവരുടെ ക്ഷേമപദ്ധതികള്‍ക്ക് വിനിയോഗിക്കണമെന്നും ഈ വിഷയമുന്നയിച്ച് ശക്തമായ പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്നും അജ്മല്‍ ഇസ്മാഈല്‍ വ്യക്തമാക്കി.

Tags:    

Similar News